നമാംശ് സ്യാലിന്‍റെ മൃതദേഹം പൂര്‍ണ്ണ സൈനിക ബഹുമതികളോടെ ജന്മനാടായ ഹിമാചല്‍ പ്രദേശിലെ കാംഗ്ഡയില്‍ സംസ്ക്കരിച്ചു

ദില്ലി: തേജസ് യുദ്ധ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട വിംഗ് കമാന്‍ഡര്‍ നമാംശ് സ്യാലിന്‍റെ മൃതദേഹം പൂര്‍ണ്ണ സൈനിക ബഹുമതികളോടെ ജന്മനാടായ ഹിമാചല്‍ പ്രദേശിലെ കാംഗ്ഡയില്‍ സംസ്ക്കരിച്ചു. വ്യോമസേനയില്‍ ഉദ്യോഗസ്ഥയായ ഭാര്യയടക്കം നമാംശ് സ്യാലിന് വൈകാരികമായി യാത്രാ മൊഴി നല്‍കി. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചോയെന്നത് മുതല്‍ പൈലറ്റിന്‍റെ ആരോഗ്യം വരെയുള്ള ഘടകങ്ങളിലാണ് വ്യോമസേനയുടെ അന്വേഷണം പുരോഗമിക്കുന്നത്. ജന്മനാടായ കാംഗ്ഡയിലെ പട്യാല്‍കാഡ് ഗ്രാമത്തിലെ ശ്മശാനത്തില്‍ പൂര്‍ണ്ണ സൈനിക ബഹുമതികളോടെയാണ് മൃതദേഹം സംസ്ക്കരിച്ചത്. തമിഴ്നാട്ടിലെ സുലൂരില്‍ നിന്ന് ഉച്ചയോടെ കാംഗ്ഡ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഭാര്യ വിംഗ് കമാന്‍ഡര്‍ അഫ്സാനും ആറ് വയസുകാരിയായ മകളും ചേര്‍ന്ന് ഏറ്റുവാങ്ങി. വിലാപയാത്രയായി വീട്ടിലെത്തിച്ച മൃതദേഹം രണ്ട് മണിക്കൂറോളം പൊതു ദര്‍ശനത്തിന് വച്ചു.

ദുരന്തകാരണം തേടിയുള്ള അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. തകര്‍ന്ന വിമാനത്തിന് 9 വര്‍ഷം മാത്രം പഴക്കമേയുള്ളു എന്നതിനാല്‍ യന്ത്രതകരാറടക്കം ഘടകങ്ങള്‍ കാരണമായോയെന്ന് വിശദമായി പരിശോധിക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെ ജയ്സാല്‍ മീറില്‍ തകര്‍ന്ന് വീണ വിമാനത്തിന്‍റെ ഓയില്‍ പമ്പിലെ തകരാര്‍ മൂലം എ‍ഞ്ചിന്‍റെ പ്രവര്‍ത്തനം പെട്ടെന്ന് തടസപ്പെട്ടതായിരുന്നു അപകടകാരണമായി വിലയിരുത്തപ്പെട്ടത്. പക്ഷി ഇടിച്ച് തകരാര്‍ സംഭവിക്കാനുള്ള സാധ്യത വിരളമാണ്. ഫിറ്റ്നസ് പരിശോധനക്ക് ശേഷമാണ് പൈലറ്റ് വിമാനം പറത്തിയതെങ്കിലും കീഴ് മേല്‍ മറിച്ചുള്ള അഭ്യാസ പ്രകടനത്തിനിടെ ശാരീരികാസ്വാസ്ഥ്യമുണ്ടായി വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണോയെന്നും പരിശോധിക്കും. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തേജസ് വിമാനങ്ങള്‍ താഴെയിറക്കുമെന്ന പ്രചാരണം വ്യോമസേന വൃത്തങ്ങള്‍ ഇതിനിടെ തള്ളി.