ഇതിനാണ് ശബരീനാഥന്‍ മറുപടി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയുമുള്ളതെന്നും മീനച്ചലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക്  മാത്രമായി പ്രത്യേക നിലപാടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

തിരുവനന്തപുരം: ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടില്‍ ദീപിക ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാന് കെ എസ് ശബരീനാഥന്‍. നാര്‍ക്കോട്ടിക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ടാണ് പത്രം ലേഖനം പ്രസിദ്ധീകരിച്ചത്. കല്ലറങ്ങാട്ട് പിതാവിന്റെ നാര്‍ക്കോട്ടിക്‌സ് ജിഹാദ് ആരോപണത്തിന് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക ഘടകം പിന്തുണ പ്രഖ്യാപിച്ചതിനെ സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു. 

യൂത്ത് കോണ്‍ഗ്രസുകാരെ വിമര്‍ശിക്കുവാന്‍ ശബരീനാഥന്‍ അടക്കമുള്ള നേതാക്കള്‍ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്ത് കോണ്‍ഗ്രസുകാരെ ശബരീനാഥന്‍ അറിയണമെന്നില്ല. നൂലില്‍ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ എന്നായിരുന്നു ലേഖനത്തിലെ പരാമര്‍ശം. ഇതിനാണ് ശബരീനാഥന്‍ മറുപടി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയുമുള്ളതെന്നും മീനച്ചലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി പ്രത്യേക നിലപാടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ശബരീനാഥന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍

ഇന്നത്തെ ദീപികയുടെ മുഖപ്രസംഗ പേജില്‍ ' ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ' എന്ന ലേഖനം വായിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തോട് എതിര്‍പ്പു രേഖപ്പെടുത്തിയതില്‍ കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും അതില്‍ വിമര്‍ശിക്കുന്നുണ്ട്. വിമര്‍ശനത്തില്‍ തെറ്റില്ല, അതിന്റെ ശരിതെറ്റുകള്‍ ജനം വിലയിരുത്തും.

ദീപികയിലെ വരികള്‍ ഇതാണ് - '........ കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരെ വിമര്‍ശിക്കുവാന്‍ ശബരീനാഥന്‍ അടക്കമുള്ള നേതാക്കള്‍ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്ത് കോണ്‍ഗ്രസുകാരെ ശബരീനാഥന്‍ അറിയണമെന്നില്ല. നൂലില്‍ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ'

പത്രത്തിന്റെ അറിവിലേക്കായി പറയുന്നു - യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി യൂത്ത് കോണ്‍ഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona