Asianet News MalayalamAsianet News Malayalam

വടക്കഞ്ചേരി അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം സഹായധനം

മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപവീതവും സഹായധനം നല്‍കും.

Narendra Modi announce two lakh for deceased family
Author
First Published Oct 6, 2022, 2:50 PM IST

ദില്ലി: പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപവീതവും സഹായധനം നല്‍കും. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചിച്ചു.

അപകടം ആരെയും ഞെട്ടിക്കുന്നതാണെന്നും മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും ഉറ്റവരുടെയും വേദനയിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കും. റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. പരിക്കേറ്റവർക്ക് ആവശ്യമായ ചികിൽസാസഹായം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. മന്ത്രിമാർ ഉൾപ്പടെ ആശ്വാസ പ്രവർത്തങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ബസ് അപകടത്തിൽ അഞ്ച് വിദ്യാർഥികൾ അടക്കം ഒന്‍പത് പേരാണ് മരിച്ചത്.  മരിച്ചവരിൽ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉൾപ്പെടുന്നു. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഇന്നലെ വൈകിട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 നു ആയിരുന്നു അപകടം.

ഓടിക്കൂടിയ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. നാല്‍പ്പതോളം പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്‍റെ അമിതവേഗമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. അമിത വേഗത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോമോൻ ഒളിവിലാണ്. 97 കിലോമീറ്ററിലേറെ വേഗതയിലാണ് ജോമോൻ ബസ് ഓടിച്ചിരുന്നത്. പൊലീസ് ആശുപത്രിയിൽ എത്തിച്ച ജോമോനെ പിന്നീട് ബസുടമകൾ എത്തി കൊണ്ടുപോയി എന്നാണ് വടക്കഞ്ചേരി നായനാർ ആശുപത്രി അധികൃതർ പറയുന്നത്.

 

Follow Us:
Download App:
  • android
  • ios