കൊച്ചി: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിച്ചെക്ക് കേസിൽ പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള നിലപാട് കടുപ്പിച്ചതോടെ ഒത്തു തീര്‍പ്പ് ചര്‍ച്ച നീളുന്നു. രണ്ടുപേരും തമ്മില്‍ ചര്‍ച്ച ചെയ്തു തീര്‍പ്പാക്കാമെന്നായിരുന്നു ആദ്യ ധാരണയെങ്കില്‍ നാട്ടില്‍ നിന്നും യുഎഇയില്‍നിന്നും പ്രബലരായ പലരുമിപ്പോള്‍ തുഷാറിനുവേണ്ടി രംഗത്തുണ്ട്. തുഷാറിന്‍റെ പക്ഷത്ത് മധ്യസ്ഥരുണ്ടെങ്കില്‍ തന്‍റെ പക്ഷത്തും മധ്യസ്ഥരുണ്ടാകുമെന്ന നിലപാടിലാണ് നാസിലിപ്പോള്‍.

പണം നൽകാതെ എങ്ങിനെയാണ് തുഷാർ ഒത്തുതീർപ്പ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നാസില്‍ ചോദിക്കുന്നു. ഒത്തുതീര്‍പ്പിന് ആവശ്യമായ തുകയെ കുറിച്ച് നാസില്‍ തുഷാറിനോട് സംസാരിച്ചതായാണ് സൂചന. ഇതുസംബന്ധിച്ച കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. താന്‍ മുന്നോട്ടുവച്ച തുക തരാന്‍ തയ്യാറായാല്‍ മാത്രമേ ഇനി ചര്‍ച്ചയ്ക്കുള്ളൂവെന്ന നിലപാടിലാണ് നാസില്‍. 

കോടതിയിൽ നാളെ കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇന്നുതന്നെ കേസ് തീര്‍പ്പാക്കാനാവും തുഷാര്‍ ശ്രമിക്കുക. നാളെ  കോടതിയില്‍ ഹാജരാകുമ്പോഴേക്ക് ഇരുകൂട്ടരും ധാരണയിലെത്തിയില്ലെങ്കിൽ പാസ്പോര്‍ട്ട് ജാമ്യത്തിലുള്ള തുഷാറിന്‍റെ നാട്ടിലേക്കുള്ള മടക്കയാത്ര വീണ്ടും വൈകും.

ചെക്ക് കേസില്‍ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായത്. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാർ അറസ്റ്റിലായത്. കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തുഷാര്‍ പുറത്തിറങ്ങി. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്.