Asianet News MalayalamAsianet News Malayalam

'മകനെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘം', കൊലപ്പെടുത്തുമെന്ന് ഭീഷണിയെന്ന് പിതാവ്

മകനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞു. താമരശ്ശേരി സ്വദേശി സാലിഹ് എന്നയാളാണ് നാസർ എന്ന പേരിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതെന്നും പിതാവ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് വിശദീകരിച്ചു. 

Nassar said that the youth was kidnapped by a gang based in koduvally
Author
Kozhikode, First Published Jul 30, 2022, 6:00 AM IST

കോഴിക്കോട്: പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമെന്നു പിതാവ് നാസർ. തട്ടിക്കൊണ്ടു പോയ ശേഷം ഇർഷാദ് ഫോണിൽ ബന്ധപ്പെട്ടു. കൊണ്ടുവന്ന സ്വർണ്ണം മറ്റു ചിലർക്ക് കൈ മാറിയതായി ഇർഷാദ് പറഞ്ഞെന്നും പിതാവ് പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടും സ്വർണ്ണക്കടത്ത് സംഘം ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി. മകനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞു. താമരശ്ശേരി സ്വദേശി സാലിഹ് എന്നയാളാണ് നാസർ എന്ന പേരിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതെന്നും പിതാവ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് വിശദീകരിച്ചു. 

ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. പിന്നെ കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു.  ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം കൈമാറിയില്ലെന്ന് കാട്ടി ചിലർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

കേസില്‍ അന്വേഷണം തുടരുകയാണ്. കൊടുവള്ളിയിലെ സ്വർണ്ണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണമിപ്പോൾ. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ ശേഷം വിവിധ നമ്പറുകളിൽ നിന്നും സ്വർണ്ണക്കടത്ത് സംഘം കുടുംബാംഗങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഈ നമ്പറുകൾ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്ത സൂപ്പിക്കട സ്വദേശി സമീറിനെ ഇന്ന് ചോദ്യം ചെയ്യും. വിദേശത്ത് നിന്നും ഇർഷാദ് കൊണ്ടുവന്ന സ്വർണ്ണം സമീർ ഉൾപ്പെട്ട സംഘത്തിന് കൈമാറിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Follow Us:
Download App:
  • android
  • ios