സമസ്തയുടെ നയത്തിന് വിരുദ്ധമായി ഡോ. ബഹാവുദ്ദീൻ നദ്‌വി ഒന്നും സംസാരിച്ചിട്ടില്ലെന്ന് നാസർ ഫൈസി കൂടത്തായി
കോഴിക്കോട്: 'വൈഫ് ഇൻ ചാർജ്' പരാമർശത്തിൽ ഡോ. ബഹാവുദ്ദീൻ നദ്‌വിയെ പിന്തുണച്ചും ഉമർ ഫൈസിയെ തള്ളിയും നാസർ ഫൈസി കൂടത്തായി. ബഹുഭാര്യത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ സമസ്തയുടെ നിലപാട് തന്നെയാണ് അദ്ദേഹം പറഞ്ഞത്. ബഹുഭാര്യത്വത്തെ എതിർക്കുന്ന സാംസ്കാരിക നായകരിൽ പലർക്കും ഭാര്യക്ക് പുറമേ കാമുകിമാരും മറ്റും ഉള്ളവരല്ലേ? എന്നും നാസർ ഫൈസി ചോദിക്കുന്നു.
സമസ്തയുടെ നയത്തിന് വിരുദ്ധമായി ഡോ. ബഹാവുദ്ദീൻ നദ്‌വി ഒന്നും സംസാരിച്ചിട്ടില്ല. ചരിത്രത്തെ ഉദ്ധരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. എംപിമാർ, എംഎൽഎമാർ, സാംസ്കാരിക നായകന്മാർ തുടങ്ങി പലരും ബഹുഭാര്യത്വത്തെ വിമർശിക്കുന്നവരാണ്. എന്നാൽ അവരിൽ പലരും സ്വന്തം ഭാര്യക്ക് പുറമേ മറ്റ് കാമുകിമാരെ ജീവിതത്തിൽ പങ്കാളികളാക്കുന്നുണ്ട്. അതൊന്നും ആക്ഷേപ സ്വരത്തിലല്ല, യാഥാർത്ഥ്യം ആയാണ് പറഞ്ഞത്. ഇത് സമസ്തയുടെ നിലപാടിന് വിരുദ്ധമാകുന്നതെങ്ങനെയാണ്? ഒരു മുശാവറ അംഗം മറ്റൊരംഗത്തെ പരസ്യമായി ഇങ്ങനെ വിമർശിക്കുന്നത് ശരിയാണോ? മാർക്സിസത്തിന്റെ ഉപജ്ഞാതാവായ കാൾ മാർക്സിന് പോലും ഒന്നിലധികം ജീവിത പങ്കാളികൾ ഉണ്ടെന്ന് ചരിത്രത്തിൽ കാണാൻ സാധിക്കുമെന്നും നാസർ ഫൈസി പറയുന്നു.
ബഹാവുദ്ദീന്‍ നദ്‌വിയുടെ വിവാദ പ്രസ്താവനക്കെതിരെ ഉമര്‍ ഫൈസി മുക്കം രംഗത്തെത്തിയിരുന്നു. ജനപ്രതിനിധികള്‍ക്ക് വൈഫ് ഇന്‍ ചാര്‍ജുമാര്‍ ഉണ്ടെന്ന നദ് വിയുടെ പ്രസ്താവന ശരിയായില്ലെന്ന് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. മുശാവറ അംഗം എന്ന നിലയില്‍ അദ്ദേഹം വാക്കുകളില്‍ സൂക്ഷ്മത പുലര്‍ത്തണം. പറയുന്ന കാര്യം സത്യസന്ധമായിരിക്കണം. എല്ലാ പാര്‍ട്ടികളുടേയും നേതാക്കളെ സംശയമുനയിലാക്കുന്ന പ്രസ്താവനയാണ് നദ് വി നടത്തിയത്. ഇത് സമസ്തയുടെ നിലപാടല്ലെന്നും ഉമര്‍ഫൈസി വ്യക്തമാക്കിയിരുന്നു.
'വൈഫ് ഇൻ ചാർജ്' പരാമർശത്തിൽ ചേരി തിരിഞ്ഞുള്ള നിലപാടാണ് ഉണ്ടായിരിക്കുന്നത്. ലീഗ് അനുകൂല ചേരിയിലെ നേതാവാണ് ഡോ. ബഹാവുദ്ദീൻ നദ്‌വി. അതുകൊണ്ട് അദ്ദേഹത്തിന് പിന്തുണ നൽകി എത്തിയിരിക്കുന്നത് നാസർ ഫൈസി കൂടാത്തായിയെ പോലുള്ള ലീഗ് അനുഭാവികളാണ്. അതേസമയം ജിഫ്രി മുത്തുക്കോയ തങ്ങളും ഉമർ ഫൈസിയും പോലുള്ള ലീഗ് വിരുദ്ധ ചേരിയിലെ നേതാക്കൾ അദ്ദേഹത്തെ കൈവിടുന്ന സാഹചര്യമാണുള്ളത്. ഇവർ തമ്മിലുള്ള തർക്കം എന്ത് ഉദാഹരണം നിരത്തണം എന്നുള്ള കാര്യത്തിൽ മാത്രമാണ്. അല്ലാതെ ബഹുഭാര്യത്വം വേണ്ടെന്നു വെക്കുന്ന കാര്യത്തിൽ യാതൊരു അഭിപ്രായ വ്യത്യാസങ്ങളും ഇവർ തമ്മിലില്ല. നദ്‌വി നിരത്തിയ ഉദാഹരണം മാത്രമാണ് ഇക്കാര്യത്തിൽ തർക്കവിഷയമായി കാണുന്നത്.

