Asianet News MalayalamAsianet News Malayalam

പണിമുടക്ക് ദിനത്തിൽ കട തുറന്ന മെഡിക്കൽ ഷോപ്പുകാരന് സിപിഎം പ്രവർത്തകരുടെ മർദ്ദനം

സിപിഎം വെള്ളയാംകുടി ബ്രാഞ്ച് സെക്രട്ടറി സജി ജോർജ് അടക്കം ആറ് പേരാണ് മർദിച്ചത്. മർദ്ദനത്തിൽ മെഡിക്കൽ ഷോപ്പുകാരന്‍റെ ഒരു പല്ല് പറിഞ്ഞുപോയി. തലക്കും സാരമായി പരിക്കേറ്റു. 

nation wide strike attack on medical shop owner
Author
Idukki, First Published Jan 9, 2020, 11:11 AM IST

ഇടുക്കി: ഇടുക്കിയില്‍ പണിമുടക്ക് ദിനത്തിൽ കട തുറന്ന മെഡിക്കൽ ഷോപ്പുകാരന് സിപിഎം പ്രവർത്തകരുടെ മർദ്ദനം. ഇടുക്കി വെള്ളയാംകുടിയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ജെറിക്കാണ് മർദ്ദനമേറ്റത്. സിപിഎം വെള്ളയാംകുടി ബ്രാഞ്ച് സെക്രട്ടറി സജി ജോർജ് അടക്കം ആറ് പേരാണ് മർദിച്ചതെന്ന് ജെറിയുടെ പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ ജെറിയുടെ ഒരു പല്ല്  പറിഞ്ഞുപോയി. തലക്കും സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു മർദ്ദനം. ജെറിയുടെ പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്തു.

തിരുവനന്തപുരം പോത്തൻകോട്ടും സമാനമായ സംഭവമുണ്ടായിരുന്നു. പണിമുടക്ക് ദിനത്തില്‍ കടതുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോത്തൻകോട് ഹോട്ടലിന് നേരെ ആക്രമണമുണ്ടായി. പോത്തൻകോട് ജഗ്ഷനിലുള്ള ദുബായ് ഹോട്ടലിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ഹോട്ടലിന്‍റെ ഗ്ലാസ് ചില്ലുകൾ തകർന്നു. വൈകിട്ട് ഹോട്ടൽ തുറക്കുന്നതിനെ പണിമുടക്കനുകൂലികൾ എതിർത്തിരുന്നു. രാവിലെയും ഇവിടെ  കട തുറക്കുന്നതിനെ ചൊല്ലി കടക്കാരനും സമരാനുകൂലികളും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം കട തുറക്കാനെത്തിയപ്പോള്‍ സമരാനുകൂലികൾ തടഞ്ഞു. പിന്നീട് പൊലീസ് എത്തി സമരാനുകൂലികളെ മാറ്റുകയായിരുന്നു. 

അതേസമയം, പണിമുടക്ക് ദിനത്തിൽ ആലപ്പുഴയില്‍ നൊബേൽ ജേതാവിനെ തടഞ്ഞ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൈനകരി സ്വദേശികളായ അജി, ജോളി, സാബു, സുധീർ എന്നിവരാണ് പിടിയിലായത്. 

Also Read: പണിമുടക്ക് ദിവസം തടഞ്ഞ നൊബേൽ ജേതാവിനോട് ക്ഷമ ചോദിച്ച് സർക്കാർ: പരാതിയില്ലെന്ന് ലെവിറ്റ്

Follow Us:
Download App:
  • android
  • ios