ബിജെപി അടിസ്ഥാന വർഗ്ഗത്തിൻ്റെ പാർട്ടിയല്ലെന്ന് സ്ഥാപിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി കോൺഗ്രസിലും ഇതാവർത്തിച്ചു

കൊച്ചി: ഏകാത്മ ഭാരതമെന്ന ആശയത്തിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രിയും ബിജെപിയുടെ രാഷ്ട്രീയ തന്ത്രജ്ഞനുമായ അമിത് ഷായും രാജ്യത്തെ നയിക്കുന്നതെന്ന് പാ‍ർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദീൻദയാൽ ഉപാധ്യായ വിഭാവനം ചെയ്ത ഏകാത്മ ഭാരതമെന്ന ആശയമാണ് മോദിയും അമിത് ഷായും നടപ്പാക്കുന്നതെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. സിപിഎമ്മിനെ ദളിത് വിഷയത്തിലടക്കം നിശിതമായി വിമ‍ർശിച്ചായിരുന്നു കെ സുരേന്ദ്രൻ സംസാരിച്ചത്.

ബിജെപി അടിസ്ഥാന വർഗ്ഗത്തിൻ്റെ പാർട്ടിയല്ലെന്ന് സ്ഥാപിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി കോൺഗ്രസിലും ഇതാവർത്തിച്ചു. സവർണരും മുതലാളികളോട് ചേർന്ന് നിൽക്കുന്നവരുമാണ് സിപിഎം പാർട്ടി നേതാക്കൾ. എന്നിട്ടും പട്ടിക ജാതിക്കാർക്കാർക്കും പാവപ്പെട്ടവർക്കുമായി പ്രവർത്തിക്കുന്നുവെന്നാണ് പ്രചാരണം. വരേണ്യ വർഗ്ഗത്തിനായി സിപിഎം ദളിതുകൾക്കെതിരെ പ്രവർത്തിക്കുന്നു. പാർട്ടി കോൺഗ്രസിൽ സിപിഎം അടിസ്ഥാന ആശയങ്ങളിൽ വെള്ളം ചേർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയുടെ ലക്ഷണങ്ങളാണ് പാർട്ടി കോൺഗ്രസിൽ കണ്ടത്. അടിസ്ഥാന വർഗ്ഗത്തിൻ്റെ പാർട്ടിയെന്ന് അകാശപ്പെടുന്നവർ ഇപ്പോഴാണ് പോളിറ്റ് ബ്യൂറോയിൽ ഒരു ദളിതനെ ഉൾപ്പെടുത്തിയത്. സവർണർക്കും മുതലാളിമാർക്കും ഒപ്പം നിൽക്കുന്നവരാണ് സിപിഎമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ധന വിലവർദ്ധനയുടെ പേരിൽ രാജ്യത്ത് തെറ്റിദ്ധാരണ പരത്താൻ പ്രതിപക്ഷ പാ‍ർട്ടികൾ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ക്രൂഡ് ഉത്പാദക രാജ്യങ്ങൾ ഇന്ധനത്തിന് 50 ശതമാനത്തോളം വില കൂട്ടി. രാജ്യത്ത് വില വർദ്ധന വെറും അഞ്ച് ശതമാനത്തോളം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിലും, സിപിഎമ്മിലും ആഭ്യന്തരപ്രശ്നങ്ങളുണ്ട്. കെ വി തോമസിനെ പോലുള്ളവരെ പരിഗണിക്കുന്നതിൽ സിപിഎമ്മിൽ അതൃപ്തിയുണ്ട്. ബിജെപിക്ക് ശക്തനായ സ്ഥാനാർഥിയുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.