കാസ‍ര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ തോതിൽ സംഘ‍ര്‍ഷം പൊട്ടിപ്പുറപ്പെടുകയും രണ്ട് പേര്‍ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെടുകയും ചെയ്ത മംഗലാപുരത്തേക്ക് യുഡിഎഫ് സംഘം പോകും. പ്രതിഷേധത്തിനിടെ രണ്ട് പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവ‍ര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് യുഡിഎഫ് സംഘം സന്ദ‍ര്‍ശനം നടത്തുന്നത്.

എംപിമാരായ രാജ് മോഹൻ ഉണ്ണിത്താൻ, കെ.സുധാകരൻ, എംഎൽഎമാരായ എം.സി ഖമറുദ്ദീൻ, എൻ.എ നെല്ലിക്കുന്ന്, പാറക്കൽ അബ്ദുള്ള, ഷംസുദ്ദീൻ എന്നിവരുൾപ്പെടുന്ന സംഘമാണ് മംഗലാപുരത്തേക്ക് യാത്ര ചെയ്യുന്നത്.

വെടിവെപ്പ് നടന്ന പ്രദേശങ്ങൾ, വെടിവെപ്പിൽ മരണപ്പെട്ടവരുടെ വീടുകൾ, മലയാളികൾ ഒറ്റപ്പെട്ടു പോയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രതിനിധി സംഘം സന്ദർശിക്കും. നാളെ രാവിലെ ഒൻപത് മണിക്ക് റോഡ് മാർഗം പ്രതിനിധി സംഘം മംഗലാപുരത്തേക്ക് പോകും.