Asianet News MalayalamAsianet News Malayalam

'വീടും പരിസരവും വൃത്തിയാക്കാം, പ്രതിരോധം വീട്ടില്‍ നിന്നാരംഭം', സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ

മഴക്കാല പൂർവ്വ ശുചീകരണം വേഗത്തിലാക്കാനും മുഖ്യമന്ത്രി കൊവിഡ് അവലോകനയോഗത്തിൽ നിർദ്ദേശം നൽകിയിരുന്നു. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

national dengue awareness day may 16 dry day
Author
Thiruvananthapuram, First Published May 16, 2021, 9:31 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ. കൊവിഡ് വ്യാപനത്തിനൊപ്പം കനത്ത മഴയും തുടർന്നാൽ പകർച്ചവ്യാധികൾ പടരാനുളള സാധ്യത കണക്കിലെടുത്താണ് ഡ്രൈ ഡേ ആചരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. വീടും പരിസരവും വൃത്തിയാക്കി വീടുകളിൽ തന്നെ ഡ്രൈ ഡേ ആചരിക്കാനാണ് നിർദ്ദേശം. മഴക്കാല പൂർവ്വ ശുചീകരണം വേഗത്തിലാക്കാനും മുഖ്യമന്ത്രി കൊവിഡ് അവലോകനയോഗത്തിൽ നിർദ്ദേശം നൽകിയിരുന്നു. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. വീടുകൾ കേന്ദ്രീകരിച്ച് ഇന്ന് ഡ്രൈ ഡേ ആചരിക്കുകയാണ്. വീടിനും പരിസരത്തും വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. റബർ തോട്ടങ്ങളിൽ ചിരട്ടയിലും മറ്റും തങ്ങി നിൽക്കുന്ന വെള്ളം ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

വീടിന് സമീപത്തെ വെള്ളക്കെട്ടുകൾ അണുനാശിനി ഉപയോഗിച്ച് അണുവിമുക്കമാക്കണം. ഫോഗിങ്ങ് നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്കും നിർദ്ദേശമുണ്ട്. ജില്ലയിൽ ഈ മാസം ഇതുവരെ നാൽപ്പത്തിനാല് പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മണിയൂരിലാണ് ഏറ്റവും കൂടുതൽ കേസ്. ഇവിടെ മുപ്പത്തിമൂന്ന് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചോറോഡിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ പതിനൊന്ന് പേരിൽ ഡെങ്കിപ്പനി കണ്ടെത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios