ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ്  ഉദ്യോഗാര്‍ത്ഥികളും സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്‍സും സമരം കടുപ്പക്കുകയാണ്. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ്  ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 ദിവസം പിന്നിട്ടു. 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മുടിമുറിച്ച് പ്രതിഷേധിച്ച് ദേശീയ ഗെയിംസ് ജേതാക്കള്‍. ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരില്‍ നിന്ന് ജോലിസംബന്ധമായി ഉറപ്പ് ലഭ്യമാകാത്ത സാഹചര്യത്തിലാണ് മെഡല്‍ ജേതാക്കള്‍ മുടി മുറിച്ച് വലിയ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. 

ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളും സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്‍സും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം കടുപ്പിക്കുകയാണ്. സമരം 24 ദിവസം പിന്നിട്ട ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികള്‍ ഉപവാസ സമരം തുടങ്ങി. പതിനൊന്നാം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം. ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരാനാണ് തീരുമാനം. അതിനിടെ, കെഎസ്ആർടിസി മെക്കാനിക്കൽ ഗ്രേഡ് 2 ഉദ്യോഗാര്‍ത്ഥികളും സമരവുമായി രംഗത്തെത്തി. 

ഇന്നലെ ഡിവൈഎഫ്ഐ നേതാക്കൾ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഒരു വിഭാഗം സമരം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് എസ് സതീഷ് പറഞ്ഞു. എന്നാല്‍, ഇതേക്കുറിച്ച് ഉദ്യോഗാർത്ഥികൾ പ്രതികരിച്ചിട്ടില്ല.