വാഹന പൊളിക്കൽ നയം കേരളത്തിൽ നടപ്പാക്കുന്നതിലെ വീഴ്ചയിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണറോട് നേരിട്ട് ഹാജരാകാൻ ട്രൈബ്യൂണൽ ഉത്തരവിട്ടു
ചെന്നൈ: കേന്ദ്ര സർക്കാരിന്റെ വാഹന പൊളിക്കൽ നയം കേരളത്തിൽ നടപ്പാക്കത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. നയം നടപ്പാക്കുന്നതിലെ വീഴ്ചകളുമായി ബന്ധപ്പെട്ട് സംസ്ഥാന ഗതാഗത കമ്മീഷണർ നേരിട്ട് ഹാജരാകണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ച് ഉത്തരവിറക്കിയത്. അടുത്ത മാസം പത്തിന് വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാനാണ് ഗതാഗത കമ്മീഷണർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ പൊളിച്ചുനീക്കുന്ന കാര്യത്തിൽ സംസ്ഥാനം സ്വീകരിച്ച നടപടികൾ ട്രൈബ്യൂണൽ വിലയിരുത്തും. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രം കൊണ്ടുവന്ന ഈ നയം നടപ്പാക്കുന്നതിൽ കേരളം നേരത്തെ ചില പ്രായോഗിക തടസ്സങ്ങൾ ഉന്നയിച്ചിരുന്നു.
വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനാ ഫീസ് കുറച്ച് കേരളം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള ഫീസ് കേരളം കുറച്ചു എന്നതാണ്. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ച ഫീസുകൾ ആണ് സംസ്ഥാനം കുറച്ചത്. തീരുമാനം യൂസ്ഡ് കാർ വിപണിക്ക് അടക്കം ഗുണമാകും. ഫിറ്റ്‌നസ് പരിശോധനാ സെന്‍ററുകളെല്ലാം സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും ടെസ്റ്റിങ് സെന്‍ററുകൾ ഇതിനകം സ്വകാര്യവത്കരിക്കപ്പെട്ടു. പരിശോധിക്കാതെ തന്നെ ഫിറ്റ്‍നസ് നൽകുന്ന സംഭവങ്ങൾ ഇവിടെയുണ്ടായി. കേരളം ഇതുവരെ ഫിറ്റ്നസ് സെന്‍റർ സ്വകാര്യവത്കരിക്കുന്നതിലേക്ക് പോയിട്ടില്ല. വൻകിട സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് ഫിറ്റ്നസ് പരിശോധനയ്ക്കുള്ള ഫീസ് കേന്ദ്രം കൂട്ടിയത് എന്നായിരുന്നു കേരളത്തിന്‍റെ നിലപാട്. ഇരട്ടിയിലധികമാണ് കേന്ദ്ര സർക്കാർ ഫീസ് കൂട്ടിയത്. മന്ത്രി ഗണേഷ് കുമാർ നേരിട്ടുതന്നെ കേന്ദ്ര സർക്കാരിനെ സമീപിച്ച് ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള ഫീസ് കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ കേന്ദ്രത്തിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതിനാൽ സംസ്ഥാന സർക്കാർ സ്വയം തീരുമാനമെടുത്ത് ഫീസ് കുറയ്ക്കാനുള്ള വിജ്ഞാപനം ഇറക്കി. ഉദാഹരണമായി ഇരുചക്ര വാഹനങ്ങൾക്ക് 800 രൂപയാണ് കേന്ദ്രം നിശ്ചയിച്ചിരുന്നത്. കേരളം അത് 400 ആക്കി കുറച്ചു. കേരളത്തിൽ യൂസ്ഡ് വാഹന വിപണി സജീവമാണ്. ഈ സാഹചര്യത്തിലാണ് കേരളം ഫിറ്റ്നസ്‍ ഫീസ് കുറയ്ക്കാൻ തീരുമാനിച്ചത്.


