മികച്ച നേട്ടം കൈവരിച്ച മെഡിക്കല്‍ കോളേജിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഗ്യാസ്‌ട്രോ എൻ്ററോളജി വിഭാഗത്തിന് ദേശീയ അംഗീകാരം. ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്റ്റഡി ഓഫ് ലിവര്‍ ആഗസ്റ്റ് 4 മുതല്‍ 7 വരെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തില്‍ യങ് ഇന്‍വെസ്റ്റിഗേറ്റര്‍ അവതരണത്തില്‍ അഞ്ചില്‍ മൂന്ന് പ്രബന്ധങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ടീം നേടി.
മികച്ച നേട്ടം കൈവരിച്ച മെഡിക്കല്‍ കോളേജിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഇന്ത്യയിലെ പ്രധാനപ്പെട്ട മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കോര്‍പ്പറേറ്റ് ആശുപത്രികളില്‍ നിന്നും അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ചില്‍ മൂന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമായിരുന്നു. ഡോ. വിജയ് നാരായണന്‍ ഒന്നാം സ്ഥാനം നേടി. ഡോ. റൂഷിൽ സോളങ്കി, ഡോ. ആന്റണി ജോര്‍ജ് എന്നിവരാണ് അവാര്‍ഡ് സെക്ഷനിലേക്കു പരിഗണിക്കപ്പെട്ട മറ്റ് രണ്ടുപേര്‍. മെഡിക്കല്‍ കോളേജ് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് ഈ പഠനങ്ങള്‍ നടന്നത്. ആദ്യമായാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.
ഇടുക്കിയിൽ വാഹനം 500 അടി താഴ്ചയിൽ കൊക്കയിലേക്ക് പതിച്ചു, തകര്‍ന്ന് തരിപ്പണമായി കാര്‍
മൂന്നാർ: ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനം അഞ്ഞൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞു. കെഡിഎച്ച്പി മാട്ടുപ്പെട്ടി തെയില ഫാക്ടറിയിലെ ഓഫീസറായ ജോയ്‌സ് ജേക്കപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ജോയ്സ് ജേക്കപ്പ് അപകടത്തിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മറയൂര്‍ റോഡിലെ ഒന്‍പതാം മൈല്‍ വളവ് തിരിക്കുന്നതിനിടെ വാഹനം തെന്നിമാറി കൊക്കിയിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നെങ്കിലും കാറിന്റെ എയര്‍ബാഗ് തുറന്നതിനാല്‍ ജോയ്‌സ് രക്ഷപ്പെട്ടു. വാഹനത്തിന്റെ വശത്തെ ഗ്ലാസ് അടിച്ചുതകര്‍ത്താണ് ജോയ്സ് പുറത്തിറങ്ങിയത്. പിന്നാലെ മുകളിലേക്ക് കയറി സമീപവാസികളെ വിവരമറിയിക്കുയായിരുന്നു. പിറകിലെത്തിയ വാഹനത്തിലെ യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ നിന്നും അഗ്നിശമനസേനയടക്കം അപകടം നടന്ന സ്ഥലത്ത് എത്തിയിരുന്നു.
അതേസമയം തൃശ്ശൂർ ദേശീയപാതയിൽ ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ എട്ട് വണ്ടികൾ കൂട്ടിയിടിച്ച് അപകടം. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്. സിഗ്നലിൽ നിർത്തി ഇട്ടിരുന്ന വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ആദ്യം കെ എസ് ആർ ടി സി ബസിലാാണ് ട്രക്ക് ഇടിച്ചത്. പിന്നീട് മുന്നിലുള്ള ഏഴ് വണ്ടികൾ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രണ്ട് കാറുകൾ പൂർണമായും തകർന്നു. എന്നാൽ ആർക്കും പരിക്കില്ല. അർധരാത്രി 12.25ഓടെയാണ് സംഭവം. പാഞ്ഞെത്തിയ ട്രക്ക് കെ എസ് ആർ ടി സിയിൽ ഇടിച്ചു കയറുക ആയിരുന്നു. ട്രക്ക് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് നിഗമനം.
