സംസ്ഥാന സർക്കാരുകൾ നൽകിയ നിയമവിരുദ്ധമായ ഇളവുകൾ സുപ്രീം കോടതി റദ്ദാക്കിയതോടെ ആയിരക്കണക്കിന് അധ്യാപകരുടെ ജോലി അപകടത്തിലായെന്നും, 2012-ൽ ആദ്യ കെ ടെറ്റ് വിജ്ഞാപനം വരുന്നതിന് മുൻപ് നിയമനം ലഭിച്ചവരെ സംരക്ഷിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു

ദില്ലി: കേരളത്തിലെ അധ്യാപക യോഗ്യതാ പരീക്ഷയുമായി (കെ ടെറ്റ്) ബന്ധപ്പെട്ട് നിലനിൽക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധി പരിഹരിക്കണമെന്നും, സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾക്ക് അധ്യാപകരെ ബലിയാടാക്കരുതെന്നും ആവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു - കേരളം) ജനറൽ സെക്രട്ടറി ടി അനൂപ് കുമാർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ നേരിൽ കണ്ട് നിവേദനം നൽകി. സുപ്രീം കോടതി വിധിയിലൂടെ സംജാതമായ പ്രതിസന്ധിക്ക് കാരണം, സംസ്ഥാനം മാറി മാറി ഭരിച്ച യു ഡി എഫ്, എൽ ഡി എഫ് സർക്കാരുകൾ നടത്തിയ നിയമവിരുദ്ധമായ ഇടപെടലുകളാണെന്ന് എൻ ടി യു നിവേദനത്തിൽ ചൂണ്ടിക്കാട്ടിയെന്ന് ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

നിവേദനത്തിലെ പ്രധാന ഭാഗങ്ങൾ

കുട്ടികളുടെ മൗലികാവകാശമായ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന 2009 ലെ വിദ്യാഭ്യാസ അവകാശ നിയമവും (RTE Act), 2010 ലെ എൻ സി ടി ഇ (NCTE) വിജ്ഞാപനവും കാറ്റിൽ പറത്തിയാണ് കേരള സർക്കാർ കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ചെയ്യാത്ത വിധത്തിൽ സെറ്റ് (SET), നെറ്റ് (NET), എം എഡ് (M.Ed), എം ഫിൽ (M.Phil), പി എച്ച് ഡി (Ph.D) തുടങ്ങിയ ഉന്നത യോഗ്യതകളുള്ളവർക്കും C-TET, K-TET കാറ്റഗറി നിർബന്ധമാക്കാതെ, അതാത് തസ്തികയക്ക് അതാത് വിഭാഗങ്ങളിലെ കെ ടെറ്റ് (K-TET) മാത്രം എന്ന NCTE നിശ്ചയിച്ച യോഗ്യതയിൽ നിന്നും ഇളവ് നൽകി സംസ്ഥാന സർക്കാർ ഭരണഘടനാ വിരുദ്ധമായ ഉത്തരവുകൾ ഇറക്കി. എൻ സി ടി ഇ വിജ്ഞാപനത്തെ പൂർണ്ണമായും മറികടന്നുകൊണ്ടുള്ള ഈ നടപടിയാണ് സുപ്രീം കോടതി വിധിയിലൂടെ 23/08/2010-ന് ശേഷം നിയമനം ലഭിച്ച ആയിരക്കണക്കിന് അധ്യാപകരുടെ ജോലി സുരക്ഷിതത്വം ഇപ്പോൾ അപകടത്തിലാക്കിയത്. 2025 സെപ്റ്റംബർ ഒന്നിലെ സുപ്രീം കോടതി വിധിപ്രകാരം രാജ്യത്ത് ടെറ്റ് യോഗ്യത നിലവിൽ വന്ന 23/08/2010-ന് മുൻപ് നിയമനം ലഭിച്ചവർക്ക് യോഗ്യത നേടാൻ വിധി വന്ന തീയതി മുതൽ 2 വർഷം സമയം അനുവദിക്കുന്നുണ്ടെങ്കിലും, 23/08/2010ന് ശേഷം നിയമനം ലഭിച്ചവരിൽ ടെറ്റ് യോഗ്യതയില്ലാത്തവരുടെ കാര്യത്തിൽ യാതൊരു ഇളവും അനുവദിച്ചിട്ടില്ല. അതിനാൽ നിയമനങ്ങൾ നിയമ വിരുദ്ധമാണ് എന്ന കാരണത്താൽ അയോഗ്യരായ അധ്യാപകർക്ക് ജോലി നഷ്ടമാകുന്ന അവസ്ഥയുണ്ട്. യോഗ്യതയില്ലാത്തവരെ നിയമിച്ചതും അവർക്ക് ഇളവുകൾ നൽകിയതും സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ചയാണ്.

പ്രധാന ആവശ്യങ്ങളും കണ്ടെത്തലുകളും

ഭരണഘടനാ ലംഘനം: 2010 ഏപ്രിൽ ഒന്നിന് വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നെങ്കിലും, കേരളത്തിൽ ആദ്യമായി കെ ടെറ്റ് യോഗ്യതാ പരീക്ഷയുടെ വിജ്ഞാപനം ഇറങ്ങുന്നത് 2012 ജൂലൈ 17 നാണ്. പരീക്ഷ നടത്താൻ രണ്ടുവർഷത്തോളം വൈകിയ സർക്കാർ, 25/07/2012 മുതൽ തുടരുന്ന നിയമവിരുദ്ധ ഇളവുകൾ നൽകി നിയമനങ്ങൾ നടത്തിയത് ഭരണഘടനയോടും 35 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളോടും ചെയ്ത വെല്ലുവിളിയാണ്.

വാക്വം പീരിയഡ് (Vacuum Period) സംരക്ഷണം: 23/08/2010 ൽ എൻ സി ടി ഇ വിജ്ഞാപനം വന്നെങ്കിലും 2012 ജൂലൈ 17 നാണ് കേരളത്തിൽ ആദ്യമായി കെ ടെറ്റ് പരീക്ഷ വിജ്ഞാപനം ചെയ്തത്. ഈ കാലയളവിൽ (23/08/2010 - 17/07/2012) നിയമിതരായ അധ്യാപകർക്ക് സംസ്ഥാനത്ത് നിലവിലില്ലാത്ത ഒരു പരീക്ഷ പാസാകാൻ കഴിയില്ല. അതിനാൽ, 'Lex Non Cogit Ad Impossibilia' (അസാധ്യമായത് ചെയ്യാൻ നിയമം നിർബന്ധിക്കില്ല) എന്ന നിയമതത്വം മുൻനിർത്തി, 2012 ജൂലൈ 17 വരെ നിയമിതരായവരെ ടെറ്റ് യോഗ്യതയിൽ നിന്നും ഒഴിവാക്കാൻ വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ (ആർ ടി ഇ ആക്ട്) സെക്ഷൻ 23 ൽ ഭേദഗതി വരുത്തണമെന്ന് എൻ ടി യു ആവശ്യപ്പെട്ടു.

ഉദ്യോഗാർത്ഥികളോടുള്ള വഞ്ചന: ടെറ്റ് നിർബന്ധമാക്കിയ കേന്ദ്ര നിയമം 23/08/2010 മുതൽ രാജ്യത്ത് നിലനിൽക്കെ, 2025 ഡിസംബർ 30-ന് വരെ ഇറങ്ങിയ നിരവധി പി എസ് സി വിജ്ഞാപനങ്ങളിൽ പോലും നിയമവിരുദ്ധമായ ഇളവുകൾ നൽകി ഉദ്യോഗാർത്ഥികളെ നിയമക്കുരുക്കിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

തുടരുന്ന അനിശ്ചിതത്വം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2026 ജനുവരി 1 ന് ഇറക്കിയ കെ ടെറ്റ് ഭാഗികമായി നിർബന്ധമാക്കിയ ഉത്തരവ്, വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 3 ന് മരവിപ്പിച്ചത് സർക്കാരിന്റെ ഭരണപരമായ പരാജയത്തെയാണ് കാണിക്കുന്നത്.

മാറി മാറി വന്ന സർക്കാരുകൾ നൽകിയ നിയമവിരുദ്ധമായ ഉറപ്പുകളിൽ വിശ്വസിച്ചാണ് 2012 മുതൽ ഇളവുകളോടെ അധ്യാപകർ ജോലിയിൽ പ്രവേശിച്ചത്. അതിനാൽ, സുപ്രീം കോടതിയിൽ എൻ ടി യു ഉൾപ്പെടെയുള്ളവർ നൽകിയിട്ടുള്ള റിവ്യൂ ഹർജികളിൽ അധ്യാപകരുടെ ഭാഗം കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്നും, കേരളത്തിലെ ആദ്യ കെ ടെറ്റ് വിജ്ഞാപന തീയതിയായ 2012 ജൂലൈ 17 ന് മുൻപ് നിയമനം ലഭിച്ച എല്ലാ അധ്യാപകരെയും കെ ടെറ്റ് നിർബന്ധത്തിൽ നിന്നും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ടി അനൂപ് കുമാർ കേന്ദ്ര മന്ത്രിയോട് അഭ്യർത്ഥിച്ചു.

കുട്ടികളുടെ ഭരണഘടനാ മൗലിക അവകാശം, വിദ്യാഭ്യാസ അവകാശ നിയമം, കേന്ദ്ര, സംസ്ഥാന ചട്ടങ്ങൾ എന്നിവ പാലിക്കുന്നതിന് കേരള സർക്കാരിന്‍റെ ഭാഗത്ത് നിന്നും 2010 മുതൽ ഗുരുതര വീഴ്ചയാണ് സംഭവിക്കുന്നത്. ഒന്നാം ക്ലാസ്സിലെ പ്രവേശനം 6 വയസ്സ് നിർബന്ധമാക്കുന്നത്, ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് സ്കൂൾ ഘടനാ മാറ്റം, ധാരണാ പത്രത്തിൽ ഒപ്പുവെച്ചെങ്കിലും പി എം ശ്രീ പദ്ധതി, ദേശീയ വിദ്യാഭ്യാസ നയം എന്നിവ നടപ്പിലാക്കാത്ത്, 40 വർഷത്തിലധികമായി സ്കൂൾ അനുവദിക്കാൻ പരിശ്രമം നടത്തി സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച ഏലംബ്രയിലെ കുട്ടികൾക്ക് സർക്കാർ സ്കൂൾ അനുവദിക്കാത്തത് എന്നിവയുൾപ്പെടെ കാലങ്ങളായി കേരള സർക്കാർ കുട്ടികളുടെ ഭരണഘടനാ മൗലിക അവകാശ സംരക്ഷണത്തിന് എതിരായുള്ള നടപടികൾ ആണ് എക്കാലവും സ്വീകരിക്കുന്നത്. കെ ടെറ്റ്, എൻ സി ടി റ്റി നിശ്ചയിച്ച പ്രകാരം നടപ്പാക്കാതെ ഗുരുതര വീഴ്ച വരുത്തിയ സംസ്ഥാന സർക്കാർ നടപടികളിൽ നിന്നും കുട്ടികൾക്കും അധ്യാപകർക്കും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് കേന്ദ്രമന്ത്രി അനുഭാവപൂർണ്ണമായ നടപടി ഉറപ്പുനൽകി.