കോടതി ഉത്തരവിട്ടപ്പോഴാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴിയെടുത്തിട്ടും പ്രതികളുടെ കാര്യത്തില്‍ പൊലീസ് ഉരുണ്ടു കളി തുടരുകയാണ്

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ട് കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നടുറോഡില്‍ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യാതെ പൊലീസ്. സംഭവം നടന്ന് ഒരു മാസം ആകുമ്പോഴും ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചതിൽ മാത്രം ഒതുങ്ങി പൊലീസിന്‍റെ നടപടി. ചോദ്യം ചെയ്യലിന് ഹാജാരാകാതിരുന്നിട്ടും ഒരു തുടര്‍നടപടിയും പൊലീസ് ഇത് വരെ സ്വീകരിച്ചിട്ടില്ല. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസില്‍ പുലര്‍ച്ചെ വീട് വളഞ്ഞ് കിടപ്പുമുറിയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാത്തത്.

മുഖ്യമന്ത്രിയുടെ അകന്പടി വാഹനത്തില്‍നിന്നിറങ്ങി ഗണ്‍മാന് അനില്‍കുമാറും പെഴ്സനല് സെക്യൂരിറ്റി ഓഫീസറ്‍ എസ് സന്ദീപും പ്രതിഷേധക്കാരെ വളഞ്ഞിട്ട് തല്ലിയ സംഭവം നവകേരള യാത്രക്കിടെ ഏറെ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. പ്രതിഷേധത്തിന് ഇരുവരും ലോക്കല്‍ പൊലീസിന‍്റെ കസ്റ്റഡിയില്‍ ഇരിക്കേയാണ് ഇത്തരമൊരു നടപടി ഗണ്‍മാന്‍റെയും സുരക്ഷാ ഉദ്യോഗസ്ഥന്‍റെയും ഭാഗത്തുനിന്നുണ്ടായത്. ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഉദ്യോഗസ്ഥരുടെ അതിക്രമമെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മര്ദ്ദനമേറ്റ് യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിഅംഗം അജയ് ജുവല്‍ കുര്യാക്കോസും കെഎസ് യു ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് എ ഡി തോമസും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

ഒടുവില്‍ കോടതി ഉത്തരവിട്ടപ്പോഴാണ് പൊലീസ് കേസെടുത്തത്. ഡിസംബര്‍ 28 ന് പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴിയെടുത്തു. എന്നിട്ടും പ്രതികളുടെ കാര്യത്തില്‍ പൊലീസ് ഉരുണ്ടു കളി തുടരുകയാണ്. ക്രിമിനല്‍ നടപടിച്ചട്ടം 41 എ പ്രകാരം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടുന്ന നോട്ടീസ് ആണിത്. പക്ഷെ ഹാജരായില്ല. ഇരുവരും ആ സമയത്തില്‍ നാട്ടില്‍ ഇല്ലായിരുന്നുവെന്നാണ് ആലപ്പുഴ സൗത്ത് പൊലീസിന്‍റെ ഭാഷ്യം. എന്നാല്‍ തുടര്‍നടപടി എന്തായി എന്ന് ചോദിച്ചാല്‍ നോക്കട്ടെ എന്ന മറുപടി മാത്രമാണ് നല്‍കിയത്.

പൊതു സ്ഥലത്ത് ചീത്ത വിളിക്കുക, ആയുധം ഉപയോഗിച്ച് മര്ദ്ദിക്കുക, ശരീരത്തില്‍ ഗുരുതരമായി മുറിവേല്‍പ്പിക്കുക എന്നീ കുറ്റങ്ങളാണ് എഫ് ഐആറില്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ കൈക്ക് പൊട്ടല്‍ ഇല്ലെന്ന് കണ്ടെത്തിയതിനാല്‍ ഐപിസി 325 പ്രകാരമുള്ള മുറിവേല്‍പ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി പ്രതിഷേധക്കാര്‍ക്കെതിരെ അതിക്രമം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ തന്നെ വകുപ്പ് തല നടപടി എടുക്കേണ്ടിയിരുന്നു എന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. പക്ഷെ മുഖ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ കൈപൊക്കാന്‍ ആര് ധൈര്യപ്പെടും എന്നതാണ് പ്രസക്തമായ ചോദ്യം.

'പാതിരാ കോഴിയില്‍' നിന്ന് കുഴിമന്തി കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 10 പേര്‍ ചികിത്സയില്‍

നവകേരള സദസിനിടെ മര്‍ദനം നടത്തിയ മുഖ്യമന്ത്രിയുടെ ഗണ്‍മാനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല