ദില്ലി: യുദ്ധക്കപ്പലുകളെ കൃത്യമായി ഉന്നംവച്ച് തകർക്കാൻ ശേഷിയുള്ള മിസൈൽ തൊടുത്തുവിട്ട് ലക്ഷ്യം കണ്ട ദൃശ്യം പുറത്തുവിട്ട് നാവികസേന. ഐഎൻഎസ് പ്രബൽ എന്ന, മിസൈൽ വാഹകശേഷിയുള്ള യുദ്ധക്കപ്പലിൽ നിന്ന് പരീക്ഷണാർത്ഥം തൊടുത്തുവിട്ട മിസൈലാണ്, 1983-ൽ നിർമിക്കുകയും പിന്നീട് ഡീകമ്മീഷൻ ചെയ്ത് ഉപേക്ഷിക്കുകയും ചെയ്ത യുദ്ധക്കപ്പലുകളൊന്നിൽ ലക്ഷ്യം തെറ്റാതെ ചെന്ന് പതിച്ചത്. പരീക്ഷണം വിജയമാണെന്നും, ഇത് വലിയ നേട്ടമാണെന്നും നാവികസേന വ്യക്തമാക്കി.

''തൊടുത്തുവിട്ടാൽ ലക്ഷ്യസ്ഥാനത്ത് തന്നെ കണിശമായും പതിക്കാൻ ശേഷിയുള്ള കൃത്യതയുള്ള മിസൈലാണ് പരീക്ഷിച്ചത്. ലക്ഷ്യസ്ഥാനത്തുള്ള കപ്പൽ അത് നശിപ്പിക്കുകയും ചെയ്തു''വെന്ന് നാവികസേനയുടെ പ്രസ്താവന. KH-36 ഉറാൻ എന്ന റഷ്യൻ നിർമിതമായ 16 മിസൈലുകൾ വഹിക്കുന്ന കപ്പലാണ് ഐഎൻഎസ് പ്രബൽ. ഇതിൽ ഓരോന്നിനും ശരാശരി 130 കിലോമീറ്റർ ദൂരം വരെ എത്താനാകുന്ന പ്രഹരശേഷിയുണ്ട്. 

1983-ൽ നിർമിക്കുകയും പിന്നീട് ഡീകമ്മീഷൻ ചെയ്ത് ഉപേക്ഷിക്കുകയും ചെയ്ത, ഇന്ത്യൻ നിർമിത, ഗോദാവരി ക്ലാസ് യുദ്ധക്കപ്പലുകളിലൊന്നിലേക്കാണ് മിസൈൽ തൊടുത്തുവിട്ട് നാവികസേന പരീക്ഷണം നടത്തിയത്. 2015-ലാണ് ഗോദാവരി എന്ന കപ്പൽ ഡീകമ്മീഷൻ ചെയ്തത്. ഇതിനൊപ്പം സെക്കന്‍റ് ഷിപ്പായി നിർമിച്ച ഗംഗ എന്ന കപ്പൽ 2018-ലും ഡീകമ്മീഷൻ ചെയ്തു. ഇപ്പോൾ തകർക്കപ്പെട്ടത് ഇവയിലൊരു കപ്പലാണെന്നാണ് റിപ്പോർട്ടുകൾ. 

ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് ചെന്നൈ എന്നീ കപ്പലുകളും നാവികാഭ്യാസത്തിൽ പങ്കെടുത്തിരുന്നു. നാവികസേനാമേധാവി അഡ്മിറൽ കരംബീർ സിംഗ് നാവികാഭ്യാസത്തിൽ പങ്കെടുക്കാനുള്ള കപ്പലുകളുടെ ഒരുക്കം നേരിട്ടെത്തി വിലയിരുത്തി. ഐഎൻഎസ് പ്രബലിന്‍റെ പ്രഹരശേഷി നേരിട്ട് കാണുകയും ചെയ്തു. മുങ്ങിക്കപ്പലുകളെ തകർക്കാൻ ശേഷിയുള്ള ഐഎൻഎസ് കവരത്തിയെന്ന കപ്പലിനെ വെള്ളിയാഴ്ചയാണ് സേനയിലേക്ക് ഔദ്യോഗികമായി ഉൾപ്പെടുത്തിയിരുന്നു. ഇതോടെ, തദ്ദേശനിർമിത മുങ്ങിക്കപ്പലുകളുടെ ഗണത്തിലെ ഏറ്റവും പുതിയ അംഗമായി ഐഎൻഎസ് കവരത്തി. 

വീഡിയോ കാണാം: