നാവിക സേന ദിനാഘോഷം ഇന്ന് തിരുവനന്തപുരം ശംഖുമുഖം തീരത്ത് നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയായി പങ്കെടുക്കും. 'ഓപ്പറേഷൻ ഡെമോ' എന്ന പേരിലാണ് നാവിക സേന ദൃശ്യ വിസ്മയമൊരുക്കുക. തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.
തിരുവനന്തപുരം: നാവിക സേന ദിനാഘോഷം ഇന്ന് തിരുവനന്തപുരം ശംഖുമുഖം തീരത്ത് നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ എത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും നാവിക സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ശംഖുമുഖത്തേക്ക് പോകുന്ന രാഷ്ട്രപതി നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങള്‍ വീക്ഷിക്കും. നാലരയോടെ പടക്കപ്പലുകളുംഅന്തര്‍വാഹിനികളും യുദ്ധവിമാനങ്ങളും ഉള്‍പ്പടെ അണിനിരക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ നടക്കും. പൊതുജനങ്ങള്‍ക്ക് ഉള്‍പ്പടെ കാണാവുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിപാടിക്കുശേഷം ഏഴേ മുക്കാലോടെ ലോക്ഭവനിലേക്ക് പോകുന്ന രാഷ്ട്രപതി അവിടെ താമസിക്കും.
രാജ്ഭവൻ ലോക് ഭവനായശേഷം എത്തുന്ന ആദ്യ അതിഥിയാണ് ദ്രൗപതി മുര്‍മു. നാളെ രാവിലെ 9.45ഓടെ രാഷ്ട്രപതി ദില്ലിയിലേക്ക് തിരിക്കും. നാവിക സേനാ ദിനാഘോഷത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇന്നലെ അഭ്യാസപ്രകടനത്തിന്‍റെ ഫൈനൽ റിഹേഴ്സലും നടന്നിരുന്നു. റിഹേഴ്സൽ കാണാനും നിരവധിപേരാണ് ശംഖുമുഖത്ത് എത്തിയത്. അതേസമയം, തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന നാവിക സേനയുടെ ഉപകേന്ദ്രം അടുത്ത വര്‍ഷം പ്രവര്‍ത്തന സജ്ജമാകും. മുട്ടത്തറയിലാണ് ഉപകേന്ദ്രം വരുന്നത്. സ്ഥലമേറ്റടുക്കല്‍ നടപടി പൂര്‍ത്തിയായതായി നാവിക സേന ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വിഎസ്എസ്‍സി തുടങ്ങിയ തന്ത്രപ്രധാനപരമായ സ്ഥാപനങ്ങളുടെ സാന്നിധ്യം കണക്കിലെടുത്താണ് തലസ്ഥാനത്ത് നാവികകേന്ദ്രം വരുന്നത്.
തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
'ഓപ്പറേഷൻ ഡെമോ' എന്ന പേരിലാണ് നാവിക സേന ദൃശ്യ വിസ്മയമൊരുക്കുക. അഭ്യാസപ്രകടനങ്ങള്‍ കാണാൻ കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്ന് പ്രത്യേക യാത്ര സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ഗതാഗതകുരുക്കിന് സാധ്യതയുള്ളതിനാൽ യാത്രക്കാര്‍ യാത്രകള്‍ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നാണ് വിമാനത്താവളം അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം നാലു മുതൽ ആറേകാൽ വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കും. ഇന്ന് ചാക്ക, കല്ലുംമൂട്, സ്റ്റേഷൻകടവ്, വലിയതുറ, കുമരിച്ചന്ത, മാധവപുരം എന്നീ ഭാഗങ്ങളിൽ നിന്നും ശംഖുമുഖം, വെട്ടുടാക്ട ഭാഗത്തേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ക്്ക മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പാസില്ലാതെ വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ തിരുവനന്തപുരം നഗരത്തിലെ പാര്‍ക്കിങ് കേന്ദ്രങ്ങളിൽ പാര്‍ക്ക് ചെയ്ത് അവിടെ നിന്ന് പ്രത്യേക സജ്ജമാക്കിയ കെഎസ്ആര്‍ടിസി ബസുകളിൽ കയറി വെട്ടുകാട് ഇറങ്ങി പരിപാടി കണ്ടശേഷം കെഎസ്ആര്‍ടിസി ബസുകളിൽ തിരിച്ച് പാര്‍ക്കിങ് ഗ്രൗണ്ടകളിലേക്ക് പോകണം. ഉച്ചയ്ക്ക് ഒരു മണി മുതൽ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളുണ്ടാകും. നിശ്ചിത ടിക്കറ്റ് ചാര്‍ജോടെയായിരിക്കും സര്‍വീസ്. പൊതുജനങ്ങൾ കുടയും സ്റ്റീൽ കുപ്പിയും കൈയിൽ കരുതേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ശംഖുമുഖത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഫില്ലിങ് പോയിന്‍റുകളിൽ നിന്നും കുപ്പികളിൽ വെള്ളം നിറയ്ക്കാവുന്നതാണ്. ഗ്രീൻ പ്രോട്ടോക്കോളിന്‍റെ ഭാഗമായിട്ടാണ് സ്റ്റീൽ കുപ്പികൾ കൈയിൽ കരുതാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിരിക്കുന്നത്.
പൊതുജനങ്ങള്‍ക്കായുള്ള പാര്‍ക്കിങ്
കൊല്ലം, ആറ്റിങ്ങൽ, പോത്തൻകോട്, ശ്രീകാര്യം ഭാഗങ്ങളിൽ നിന്നും വരുന്നവർ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഗ്രൗണ്ടിലും, കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് പാർക്കിംഗ് ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യണം.എം.സി റോഡ് വഴി വരുന്നവർ വാഹനങ്ങൾ എം.ജി കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. നെടുമങ്ങാട്, പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽ നിന്നും വരുന്നവർ കവടിയാറിലുള്ള സാൽവേഷൻ ആർമി ഗ്രൗണ്ടിലും, സംസ്‌കൃത കോളേജ് യൂണിവേഴ്‌സിറ്റി കോളേജ്, യൂണിവേഴ്‌സിറ്റി ക്യാമ്പസ്, എൽ.എം.എസ് പാർക്കിംഗ് ഗ്രൗണ്ടുകളിലും പാർക്ക് ചെയ്യേണ്ടതാണ്.കാട്ടാക്കട, തിരുമല ഭാഗങ്ങളിൽ നിന്നും വരുന്നവർ വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ടിലും, വെള്ളയമ്പലത്തുള്ള ജിമ്മി ജോർജ് ഗ്രൗണ്ടിലും, വാട്ടർ അതോറിറ്റി പാർക്കിംഗ് കോമ്പൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്. പാറശ്ശാല, നെയ്യാറ്റിൻകര, പാപ്പനംകോട്, കരമന ഭാഗങ്ങളിൽ നിന്നും വരുന്നവർ കിള്ളിപ്പാലം ബോയ്സ് ഹൈസ്‌കൂളിലും, ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിലും ഐരാണിമുട്ടത്തുള്ള ഹോമിയോ കോളേജ് പാർക്കിംഗ് ഗ്രൗണ്ടുകളിലും, പുത്തരികണ്ടം മൈതാനത്തും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. കോവളം, പൂന്തുറ, തിരുവല്ലം, പേട്ട, ചാക്ക, ഈഞ്ചക്കൽ ഭാഗങ്ങളിൽ നിന്നും വരുന്നവർ ലുലുമാൾ, ആനയറ വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്രം പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.വർക്കല, കടയ്കാവൂർ, പെരുമാതുറ ഭാഗങ്ങളിൽ നിന്നും തീരദേശ റോഡ് വഴി വരുന്നവർ വാഹനങ്ങൾ പുത്തൻതോപ്പ് പള്ളി ഗ്രൗണ്ടിലും, സെന്റ് സേവ്യയേഴ്‌സ് കോളേജ് പാർക്കിംഗ് ഏരിയയിലും പാർക്ക് ചെയ്യേണ്ടതാണ്.



