മുംബൈ: എൻസിപി കേരള സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതിലും നിലവിലെ മന്ത്രിയെ മാറ്റണോ എന്നതിലും ഇന്ന് മുംബെയിൽ നിർണ്ണായക ചർച്ച നടക്കും. പ്രഫുൽ പട്ടേൽ കേരളത്തിലെ നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മന്ത്രിസ്ഥാനം പിടിക്കാൻ മാണി സി കാപ്പൻ പക്ഷവും നിലനിർത്താൻ ശശീന്ദ്രൻ വിഭാഗവും ശ്രമം നടത്തുമ്പോഴാണ് കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടൽ. 

പ്രസി‍ഡന്‍റിനെയും മന്ത്രിയെയും ചൊല്ലി കേരള എൻസിപിലെ ചേരിപ്പോര് രൂക്ഷമായിരിക്കെയാണ് മുംബൈ ചർച്ച. പാലായിലെ മിന്നും ജയത്തിന് പിന്നാലെ മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാണ്. തോമസ് ചാണ്ടിയുടെ മരണത്തോടെ സംസ്ഥാന അധ്യക്ഷന്‍റെ സ്ഥാനവും ഒഴിഞ്ഞുകിടക്കുന്നു. ശശീന്ദ്രനെ പ്രസിഡന്‍റാക്കി മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന നിർദ്ദേശമാണ് കാപ്പൻ അനുകൂലികൾ മുന്നോട്ട് വയ്ക്കുന്നത്. 

പക്ഷെ ഇനി മന്ത്രിസ്ഥാനത്തിൽ വച്ചുമാറൽ വേണ്ടെന്നാണ് ശശീന്ദ്രന്‍റെ നിലപാട്. അതിനിടെ താൽക്കാലിക പ്രസി‍ണ്ടിന്‍റെ ചുമതലയുള്ള ടിപി പീതാംബരന് സ്ഥിരം പ്രസിഡന്‍റാകാനും ആഗ്രഹമുണ്ട്. മന്ത്രിമാറ്റത്തോടെ പീതാംബരനും യോജിപ്പില്ല. പക്ഷെ കേന്ദ്ര നേതൃത്വമാണ് അന്തിമവാക്ക്.

നേരത്തെ മാണി സി കാപ്പനും എ കെ ശശീന്ദ്രനും മുംബെയിലെത്തി ശരത് പവാറിനെ പ്രത്യേകമായി കണ്ടിരുന്നു. ഇന്നും ധാരണയായില്ലെങ്കിൽ ചർച്ചകൾ ഇനിയും തുടരും. അതിനിടെ കുട്ടനാട്ടിലെ സ്ഥാനാർത്ഥിയെ ചൊല്ലിയും തർക്കമുണ്ട്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് സ്ഥാനാർഥിയാവാൻ താൽപര്യം അറിയിച്ച് കഴിഞ്ഞു. ടിപി പീതാംബരനും പിന്തുണക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന നേതൃതയോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും ചാണ്ടിയുടെ കുടുംബാംഗം വേണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.