സംസ്ഥാനത്തെ എൻസിപി നേതൃത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന് മുതിര്‍ന്ന നേതാവ് പീതാംബരൻ മാസ്റ്റര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

കൊച്ചി: എൻ.സി.പി സംസ്ഥാന പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ ചേരുന്ന നേതൃയോഗത്തിലാണ് പുതിയ പ്രസിഡണ്ടിനെ തെരെഞ്ഞെടുക്കുക.നിലവിലെ പ്രസിഡണ്ട് പി.സി ചാക്കോ തന്നെ വീണ്ടും പ്രസിഡണ്ടായി തെരെഞ്ഞെടുക്കപെടാനാണ് സാധ്യത.നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ ആരും മത്സരിക്കാനുള്ള സാധ്യതയില്ല. പ്രസിഡണ്ടിനൊപ്പം ഒരു വൈസ് പ്രസിഡണ്ടിനേയും ട്രഷററെയും ഇന്ന് തെരെഞ്ഞെടുക്കും.

ബാക്കിയുള്ള ഭാരവാഹികളെ പിന്നീട് പ്രസിഡണ്ട് നോമിനേറ്റ് ചെയ്യുകയാണ് ചെയ്യുക.ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്ന് പ്രതിനിധികള്‍ എന്ന നിലയില്‍ 420 പ്രതിനിധികള്‍ക്കാണ് പ്രസിഡണ്ട് തെരെഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. 

സംസ്ഥാനത്തെ എൻസിപി നേതൃത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന് മുതിര്‍ന്ന നേതാവ് പീതാംബരൻ മാസ്റ്റര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എൽഡിഎഫിൽ കൂട്ടായ ചർച്ചയില്ലെന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുടെ പ്രതികരണം പാര്‍ട്ടിയുടെ പൊതുഅഭിപ്രായമല്ലെന്നും പിസി ചാക്കോ ഏതെങ്കിലും ഒറ്റപ്പെട്ട വിഷയത്തിൽ അഭിപ്രായം പറഞ്ഞതാകാമെന്നും പീതാംബരൻ മാസ്റ്റര്‍ പറഞ്ഞു. എൽഡിഎഫിൽ ചര്‍ച്ച ചെയ്താണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും പറഞ്ഞ പീതാംബരൻ മാസ്റ്റര്‍ വരാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയിൽ എൻസിപിയുടെ മന്ത്രിമാറില്ലെന്നും വ്യക്തമാക്കി. 

അതേസമയം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൻസിപിയിൽ ചേരിതിരിവ് രൂക്ഷമായിരിക്കുകയാണ്. പി.സി.ചാക്കോയ്ക്ക് എതിരെ കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മത്സരിച്ചേക്കും എന്നാണ് സൂചന. പാര്‍ട്ടിയിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ നേതാക്കളായ എ.കെ.ശശീന്ദ്രൻ, തോമസ് കെ തോമസ്, പിസി ചാക്കോ, ടിപി പീതാംബരൻ എന്നിവരെ ദേശീയ അധ്യക്ഷൻ ശരദ് പവാര്‍ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. 

എ.കെ.ശശീന്ദ്രൻ പക്ഷത്തിൻ്റ ഉറച്ച പിന്തുണ ലഭിച്ചിട്ടും സംഘടനാ തെരഞ്ഞെടുപ്പിൽ പിസി ചാക്കോ പക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. കാസ‍ര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിൽ പിസി ചാക്കോയുടെ സ്ഥാനാ‍ര്‍ത്ഥികൾ പരാജയപ്പെട്ടിരുന്നു. പിണറായി സ‍ര്‍ക്കാരിൽ എൻസിപിക്ക് കിട്ടിയ മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം ശശീന്ദ്രനും തോമസ് കെ തോമസും പങ്കുവയ്ക്കണമെന്ന ധാരണ അട്ടിമറിക്കാനാണ് പിസി ചാക്കോയെ ശശീന്ദ്രൻ വിഭാഗം പിന്തുണയ്ക്കുന്നതെന്ന ആരോപണം തോമസ് കെ തോമസ് വിഭാഗം ഉയര്‍ത്തുന്നുണ്ട്.