കോട്ടയം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് എന്‍സിപി. ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ വന്നാൽ സ്വാഗതം ചെയ്യുമെന്ന് പാല എംഎൽഎയും എന്‍സിപി നേതാവുമായ മാണി സി കാപ്പൻ പ്രതികരിച്ചു. മുന്നണി പ്രവേശനമുണ്ടായാലും  പക്ഷേ പാലാ സീറ്റ് എൻസിപിക്കുള്ളതാണ്. അത് വിട്ടുനൽകണമെന്ന് ഇടത് മുന്നണി ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. എന്നാൽ ജോസ് കെ മാണിയുടെ പ്രവേശനമടക്കമുള്ള വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫ് ആണ്. മുന്നണിയുടെ തീരുമാനത്തിന് ഒപ്പം നിൽക്കുമെന്നും മാണി സി കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

യുഡിഎഫിൽ നിന്നും പുറത്ത് പോയ ജോസ് കെ മാണി വിഭാഗത്തിന്‍റ മുന്നണി പ്രവേശനമാണ് രാക്ഷ്ടീയ കേരളം ചര്‍ച്ച ചെയ്യുന്നത്. ജോസ് കെ മാണി ഇടതുമുന്നണിയിലേക്കോ എന്നതിലാണ് ചര്‍ച്ച. ജോസ് കെ മാണി വിഭാഗം സ്വാധീനമുളള കക്ഷിയാണെന്നും അവര്‍ നിലപാട് വ്യക്തമാക്കിയാൽ മുന്നണി പ്രവേശനം സംബന്ധിച്ച് എല്‍ഡിഎഫ് പ്രതികരിക്കുമെന്നായിരുന്നു ഇത് സംബന്ധിച്ച എല്‍ഡിഎഫ് കൺവീനര്‍ എ വിജയരാഘവൻറെ പ്രതികരണം. യുഡിഎഫ് മുന്നണി വിട്ട ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച് എല്‍ഡിഎഫ് പ്രതികരിക്കുമെന്നും എ വിജയരാഘവൻ വ്യക്തമാക്കി. 

യുഡിഎഫിൽ നിന്ന് പുറത്തായാലും യുപിഎയുടെ ഭാഗം, എംപി സ്ഥാനം രാജിവയ്ക്കില്ലെന്ന് ജോസ് കെ മാണി

കേരള കോൺഗ്രസ് ബഹുജന പിന്തുണയുള്ള പാർട്ടിയാണെന്നും ജോസ് വിഭാഗമില്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകുമെന്നുമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വാക്കുകളും അനുകൂല നിലപാടിനെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അവശനിലയിലായവരുടെ വെന്‍റിേലേറ്ററല്ല ഇടതുമുന്നണിയെന്ന കാനം രാജേന്ദ്രൻറെ പ്രതികരണം മുന്നണിക്കുള്ളിലെ അതൃപ്തി മറനീക്കുന്നു. 

അതേ സമയം ഇടതുനേതാക്കളുടെ പ്രസ്താവനയിൽ സന്തോഷമെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു . ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. ഇടതുമുന്നണിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

'ജോസ് വിഭാഗം സ്വാധീനമുള്ള രാഷ്ട്രീയകക്ഷി, മുന്നണി പ്രവേശനം ഇടതുമുന്നണി ചര്‍ച്ചചെയ്ത് തീരുമാനിക്കും'