നാല് സീറ്റിലും എൻസിപി തന്നെ മത്സരിക്കും എന്ന് ശരത് പവാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫുൽ പട്ടേൽ വന്ന് ചർച്ച നടത്തിയ ശേഷം ബാക്കി തീരുമാനങ്ങളെടുക്കും

തിരുവനന്തപുരം: പാലാസീറ്റിനെ ചൊല്ലി ഉടലെടുത്ത തർക്കത്തിൽ നിലപാട് മയപ്പെടുത്തി മാണി സി കാപ്പൻ. ശരദ് പവാർ പറഞ്ഞാൽ പാലാ സീറ്റിൽ നിന്നും മാറുമെന്ന് മാണി സി കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ മത്സരിച്ച് വന്ന നാല് സീറ്റിലും എൻസിപി തന്നെ മത്സരിക്കും എന്ന് ശരത് പവാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫുൽ പട്ടേൽ വന്ന് ചർച്ച നടത്തിയ ശേഷം ബാക്കി തീരുമാനങ്ങളെടുക്കും. യുഡിഎഫുമായി ചർച്ച നടത്തണോ എന്ന കാര്യവും പ്രഫുൽ പട്ടേൽ വന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എൻസിപി ഇടത് മുന്നണിയിൽ തന്നെ ഉറച്ചു നിൽക്കുമെന്ന് ടി പി പീതാംബരനും ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. 40 കൊല്ലമായി എൻസിപി എൽഡിഎഫിന്റെ ഭാഗമാണ്. അതിൽ മാറ്റമില്ല. എൻസിപി മത്സരിച്ച നാലു സീറ്റിലും ഇത്തവണയും മത്സരിക്കും. പാലായിൽ സ്‌ഥാനാർഥി ആരെന്ന കാര്യം പാർട്ടി തീരുമാനിക്കും. എൽഡിഎഫിൽ സീറ്റ് ചർച്ചകൾ ഇതുവരെ തുടങ്ങിയിട്ടില്ല. അതു കഴിഞ്ഞേ സ്‌ഥാനാർഥിയെ തീരുമാനിക്കൂ. പാലയ്ക്ക് പകരം രാജ്യസഭ സീറ്റ്‌ എന്ന കാര്യത്തിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്നും ടി പി പീതാംബരൻ കൂട്ടിച്ചേർത്തു.