രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി.

തിരുവനന്തപുരം: രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി. സെഷൻസ് കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു. യുവതിക്കെതിരെ രാഹുൽ ഈശ്വർ വീണ്ടും വീഡ‍ിയോ ചെയ്തിരുന്നു. എഐജിക്ക് കിട്ടിയ പരാതി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നായിരുന്നു രാഹുലിന് നൽകിയിരുന്ന ജാമ്യവ്യവസ്ഥ. 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. അതിന് ശേഷം കര്‍ശന ഉപാധികളോടെയാണ് മൂന്നാഴ്ചത്തെ ജയിൽവാസത്തിന് ശേഷം രാഹുലിന് ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റകൃത്യം ചെയ്യാൻ പാടില്ലെന്ന് ഉപാധിയിൽ നിര്‍ദേശിച്ചിരുന്നു. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് പരാതി നൽകിയതിനെ തുടര്‍ന്ന് വീണ്ടും രാഹുൽ ഈശ്വര്‍ വീഡിയോയുമായി സമൂഹമാധ്യമത്തിലെത്തിയിരുന്നു. തുടര്‍ന്നാണ് തന്നെ അധിക്ഷേപിച്ചെന്ന് അതിജീവിത പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല വഹിക്കുന്ന എഐജി പൂങ്കുഴലിക്ക് പരാതി നൽകിയത്.