യുഡിഎഫിനും എൽഡിഎഫിനും ഭാവിയില്ല. അവർക്ക് പുതുതായി ഒന്നും വാഗ്ദാനം ചെയ്യാനില്ല. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഇവിടെ ഇപ്പോൾ ആരും പറയുന്നില്ലെന്നും പ്രകാശ് ജാവ്‍ദേക്കർ

തിരുവനന്തപുരം: വികസനവും കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. ബിജെപി 370ന് മുകളിൽ സീറ്റ് നേടും. എൻഡിഎ സഖ്യം 400ന് മുകളിൽ സീറ്റ് നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഇവിടെ ഇപ്പോൾ ആരും പറയുന്നില്ല. മുന്നിൽ നരേന്ദ്ര മോദിയെന്ന സമാനതകളില്ലാത്ത നേതാവുണ്ട്. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാടുണ്ട്. 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യവുമായി നല്ല ഭരണം നടത്തി. മോദി സർക്കാർ തന്നെ മൂന്നാമതും വരുമെന്ന് എല്ലാ വോട്ടർമാർക്കും അറിയാം. അതേസമയം ഈ തെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ എന്നന്നേക്കുമായി മാറ്റമുണ്ടാകാൻ പോവുകയാണെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. 

ഒരു വിവേചനവുമില്ലാതെ എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങൾ നരേന്ദ്ര മോദി കേരളീയർക്ക് എത്തിച്ചെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. 1.5 കോടി പേർക്ക് സൌജന്യ അരി, 50 ലക്ഷം യുവാക്കള്‍ക്കും സ്ത്രീകൾക്കും മുദ്ര ലോണ്‍, 35 ലക്ഷം കർഷകർക്ക് കിസാൻ സമ്മാന്‍ പദ്ധതി, 4 ലക്ഷം സൗജന്യ എൽപിജി കണക്ഷനുകൾ, 20 ലക്ഷം കുടുംബങ്ങൾക്ക് ജൽ ജീവൻ വാട്ടർ കണക്ഷൻ എന്നിവ ലഭ്യമാക്കി. ലോകത്തിൽ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകം നമ്മളെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

യുഡിഎഫിനും എൽഡിഎഫിനും ഭാവിയില്ല. അവർക്ക് പുതുതായി ഒന്നും വാഗ്ദാനം ചെയ്യാനില്ല. അതിനാൽ അവർ അപ്രസക്തമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നു. 30 വർഷം വീതം കോൺഗ്രസും എൽഡിഎഫും പശ്ചിമ ബംഗാളിൽ ഭരിച്ചു. ഇപ്പോൾ ബംഗാള്‍ നിയമസഭയിൽ അവർ വട്ടപൂജ്യമാണ്. സമീപഭാവിയിൽ കേരളത്തിലും ഇതേ അവസ്ഥയാണുണ്ടാവുകയെന്ന് ജാവ്ദേക്കർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം