അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നൽകി.

കൊച്ചി: നെടുമ്പാശ്ശേരി മിനികൂപ്പർ അപകടത്തിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം. അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നൽകി. അതേസമയം, കേസില്‍ പ്രതിഭാഗം എറണാകുളം സെഷൻസ് കോടതിയില്‍ ജാമ്യാപേക്ഷ നൽകി. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യ അപേക്ഷ തള്ളിയിരുന്നു. ഇതോടെ പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകും.

അതിനിടെ, ദേവികയുടെ വീട്ടിൽ പ്രത്യേക അന്വേഷണസംഘമെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. വയനാട് മടക്കിമലയിലെ വീട്ടിലാണ് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമെത്തി മൊഴിയെടുത്തത്. ദേവികയുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. അപകടത്തിൽ മരിച്ച പാലക്കാട്‌ സ്വദേശി ഗോപികയുടെയും കർണാടക സ്വദേശി ഇയാസിന്റെയും കുടുംബാംഗങ്ങളുടെ മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. കേസ് അട്ടിമറിക്കപ്പെടുമോ എന്നത് ഉൾപ്പടെയുള്ള ആശങ്കകൾ ദേവികയുടെ കുടുംബം അന്വേഷണഉദ്യോഗസ്ഥരുമായി പങ്കുവച്ചു. നിലവിലെ അന്വേഷണത്തിൽ തൃപ്തരാണെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഒക്ടബോര്‍ 11ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. അപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അപകടത്തില്‍ 19 കാരനായ സുഹൈൽ സജീവിനെതിരെ നെടുമ്പാശേരി പൊലീസ് ജാമ്യമില്ലാ വകുപ്പായ കുറ്റകരമായ നരഹത്യ ചുമത്തിയാണ് കേസെടുത്തത്.

YouTube video player