കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നാളെ  മുഖ്യമന്ത്രിക്ക് സമർപ്പിക്കും. രാവിലെ 11ന് ജസ്റ്റിന് നാരായണ കുറുപ്പ് കമ്മീഷനാണ് റിപ്പോർട്ട് സമർപ്പിക്കുക. ‌

ഇരുനൂറോളം പേജുകളും അറുപത് സാക്ഷികളും ഉൾപ്പെടുന്നതാണ് റിപ്പാർട്ട്. നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ രാജ് കുമാർ കൊല്ലപ്പട്ട സംഭവമാണ് കമ്മീഷൻ അന്വേഷിച്ചത്. 

ഹരിതാ ഫിനാൻസ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് സ്ഥാപനത്തിന്റെ എം‍ഡിയായ രാജ്കുമാർ ക്രൂരമർദ്ദനത്തിനിരയായി മരിച്ചത്. കേസിൽ 2019 ജൂലൈ നാലിന് സർക്കാർ ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനെ ജുഡീഷ്യൽ അന്വേഷണത്തിന് നിയോഗിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷമാണ് കമ്മീഷൻ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കിയത്.

സാമ്പത്തികത്തട്ടിപ്പു കേസില്‍ കസ്റ്റഡിയിലെടുത്ത വാഗമണ്‍ സ്വദേശി രാജ്കുമാര്‍ 2019 ജൂണ്‍ 21നാണ് പീരുമേട് സബ്ജയിലിൽ മരിച്ചത്. ആദ്യം ക്രംബ്രാഞ്ച് അന്വേഷിച്ച കേസിൽ നെടുങ്കണ്ടം എസ്ഐ സാബു അടക്കം ഏഴ് പൊലീസുകാരായിരുന്നു പ്രതികൾ. അന്വേഷണത്തെക്കുറിച്ച് പരാതി ഉയർന്നതിനെ തുടർന്നാണ് സർക്കാർ സമാന്തര അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. 

ഉത്തരവാദിത്തമില്ലാതെ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നിന്ന് ഒന്നും കണ്ടെത്താനില്ലെന്ന് ജുഡീഷ്യൽ കമ്മീഷൻ അറിയിച്ചതിനെ തുടർന്ന് രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്തിരുന്നു. ന്യുമോണിയ ബാധിച്ചാണ് രാജ്കുമാ‍ർ മരിച്ചതെന്ന് ആദ്യ റിപ്പോർട്ടിനെ പൊളിച്ച് മരണകാരണം ക്രൂരമർദ്ദനമാണെന്ന് കണ്ടെത്തുന്നത് രണ്ടാം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ്.