കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ അഞ്ച് പൊലീസുകാരെയും ഒരു ഹോം ഗാർഡിനെയും സിബിഐ അറസ്റ്റ് ചെയ്തു. എഎസ്ഐമാരായ റെജിമോൻ, റോയി പി വർഗീസ്, പൊലീസുകാരായ ജിതിൻ കെ ജോർജ്. സഞ്ജീവ് ആന്റണി, നിയാസ്, ഹോം ഗാർഡ് ജയിംസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൊച്ചി സി ജെ എം കോടതിയിൽ ഹാജരാക്കും.

സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്‍കുമാര്‍ 2019 ജൂണ്‍ 21നാണ് പീരുമേട് സബ് ജയിലില്‍ വച്ച് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്നാണ് രാജ്‍കുമാര്‍ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു പിന്നാലെ വന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രാജ്‍കുമാറിന്‍റെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2019 ഓഗസ്റ്റ് 14നാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം വന്നത്. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയിലായിരുന്നു തീരുമാനം. 

സിബിഐ അന്വേഷണത്തിൽ, കൊലപാതകത്തിൽ കൂടുതൽ  പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായി.  ഉന്നത ഉദ്യോഗസ്ഥരടക്കം കൂടുതൽ പേർ പ്രതികളാകുമെന്നും സിബിഐ എറണാകുളം സിജെഎം കോടതിയെ അറിയിച്ചു. കേസിൽ എസ്ഐ സാബു ഇപ്പോൾ സിബിഐ കസ്റ്റഡിയിലാണ്. ആറ് ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചത്. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് സാബുവിനെ അറസ്റ്റു ചെയ്തത്.