കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ ജുഡീഷ്യൽ കമ്മീഷൻ ഈ മാസം 21ന് തെളിവെടുപ്പ് നടത്തും. പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും രാജ് കുമാറിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് അറിയിച്ചു. തെളിവെടുപ്പിന് ശേഷം ഉടൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. 

സാമ്പത്തിക തട്ടിപ്പു കേസില്‍ കസ്റ്റഡിയിലെടുത്ത വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ 2019 ജൂണ്‍ 21നാണ് പീരുമേഡ് സബ്ജയിലില്‍ വച്ച് മരിച്ചത്. നവംബർ 16ന് പിടികൂടിയ രാജ് കുമാറിനെ അറസ്റ്റ് രേഖപ്പെടുത്താതെ അനധികൃത കസ്റ്റഡിയിൽ വച്ച് മൂന്ന് ദിവസത്തോളം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.