ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ രാജ് കുമാറിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്‍മോര്‍ട്ടം ചെയ്യാനുള്ള നടപടികൾ തുടങ്ങി. വാഗമണ സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിൽ സംസ്കരിച്ചിരുന്ന മൃതദേഹം പുറത്തെടുത്ത് കാഞ്ഞിരപ്പിള്ളി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചാണ് റീ പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.പൂർണ്ണമായും എക്സറേ എടുക്കാനും ആന്തരികാവയവങ്ങൾ പരിശോധിക്കാനുള്ള ക്രമീകരണങ്ങളും ഡിഎൻഎ ടെസ്റ്റ് എടുക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്. 

 ജുഡിഷ്യൽ കമ്മീഷൻ , ഇടുക്കി ആർഡിഒ , ഫോറൻസിക് സർജ്ജന്മാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങൾ. മൃതദേഹം അഴുകിയ നിലയിലാണ്. എങ്കിലും റീ പോസ്റ്റുമോർട്ടത്തിലൂടെ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജൂഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. 

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ മൃതദേഹം പൂർണ്ണമായും എക്സറേ എടുക്കും. ഇതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആന്തരീകാവയവങ്ങൾ പരിശോധിക്കാനുള്ള ക്രമീകരണങ്ങളും ഡിഎൻഎ ടെസ്റ്റ് എടുക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വീഴ്ചകളുണ്ടെന്ന വിലയിരുത്തലിലാണ് ജൂഡീഷ്യൽ കമ്മീഷൻ റീ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ടത്. ആന്തരീകാവയവങ്ങൾ പരിശോധിക്കുകയോ, വാരിയെല്ലിലെ പൊട്ടലിന്റെ കാര്യം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തൽ. ഇത് കേസിനെ തന്നെ ബാധിക്കുമെന്നാണ് കമ്മീഷന്റെ വിമർശനം.