കോട്ടയം: നിയമസഭ കക്ഷിനേതാവിന്റെ ഇരിപ്പിടത്തിനായി കേരള കോൺഗ്രസിൽ തമ്മിലടി. നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് നിയമസഭാ കക്ഷിനേതാവിനെ ചൊല്ലി കേരളകോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നത്. മാണിയുടെ അഭാവത്തിൽ നേതാവിന്റെ ഇരിപ്പിടം പിജെ ജോസഫിന് നൽകണം എന്ന് ആവശ്യപ്പെട്ട് മോൻസ് ജോസഫ് ആദ്യം സ്പീക്കർക്ക് കത്ത് നൽകി. എന്നാൽ നേതാവിനെ തെരഞ്ഞെടുത്തിട്ടില്ലെന്ന് കാണിച്ച് മാണി വിഭാഗം എംഎൽഎ റോഷി അഗസ്റ്റിനും സ്പീക്കർ കത്ത് നൽകി. 

പാർട്ടി വിപ്പ് എന്ന നിലയിലാണ് റോഷി കത്ത് നൽകിയത്. ഒരു പാർട്ടിയിൽ നിന്നും രണ്ട് കത്ത് കിട്ടിയ സാഹചര്യത്തിൽ സ്പീക്കറുടെ തീരുമാനം നിർണ്ണായകമാവും.  നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം വേണമെന്നാവശ്യപ്പെട്ടാണ് റോഷി അഗസ്റ്റിന്റെ കത്ത്. നേതാവിന്റെ അഭാവത്തിൽ ഉപനേതാവിന് പാർട്ടി ഭരണഘടന അനുസരിച്ച് ചുമതല കിട്ടില്ലെന്നും കത്തില്‍ പരാമര്‍ശമുണ്ട്. നേരത്തെ ജോസഫ് വിഭാഗം എംഎൽഎയും പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ മോൻസ് ജോസഫ് സ്പീക്കർക്ക് നൽകിയ കത്ത് റോഷി അഗസ്റ്റിൻ തള്ളി. പി ജെ  ജോസഫിന് ചുമതല നൽകണം എന്നാവശ്യപ്പെട്ടായിരുന്നു മോൻസിന്റെ കത്ത്.  

ചെയർമാൻ സ്ഥാനവും നിയമസഭാ കക്ഷി നേതൃസ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാാൻ പി ജെയുടെ ശ്രമിക്കുന്നുവെന്നാണ് ജോസ് കെ മാണി വിഭാഗത്തിൻറെ വിലയിരുത്തൽ. ചെയർമാൻ സ്ഥാനവും നിയമസഭാ കക്ഷിനേതൃസ്ഥാനവും താൻ തന്നെ വഹിക്കുമെന്ന് പിജെ പരസ്യമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റിയും പാർലമെൻററി പാർട്ടി യോഗവും ചേരാതെ എല്ലാം ജോസഫ് ഒറ്റക്ക് തീരുമാനിക്കുന്നതില്‍ മാണി വിഭാഗത്തിന് അമർഷമുണ്ട്.