ലക്ഷ്മിപ്രിയയ്ക്കും ടിനി ടോമിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി നീന കുറുപ്പ്. അമ്മയിലെ നിലവിലെ പ്രശ്നങ്ങളെ കുറിച്ചും പ്രതികരണം. 

കൊച്ചി: താരസംഘടനയായ അമ്മയിലെ തർക്കത്തിൽ വിശദീകരണവുമായി നടി നീന കുറുപ്പ്. നടൻ ടിനി ടോം കുടുംബ സംഗമത്തിന്‍റെ തലേദിവസം എന്തെല്ലാം ചെയ്തുവെന്ന് ലക്ഷ്മിപ്രിയ പറയുന്ന ഓഡിയോ ക്ലിപ് തന്‍റെ കയ്യിലുണ്ടെന്ന് നീന കുറുപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോൾ ലക്ഷ്മിപ്രിയ എല്ലാം നിഷേധിക്കുകയാണ്. ലക്ഷ്മിപ്രിയ അനുവദിക്കുകയാണെങ്കിൽ ആ വോയ്സ് ക്ലിപ്പ് താൻ തന്നെ പുറത്തു വിടാമെന്നും നീന കുറുപ്പ് പറയുന്നു. കുടുംബമേളക്കിടെ തന്നെ കൈയേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും കേട്ടാൽ അറയ്ക്കുന്ന തെറി പറഞ്ഞുവെന്നുമാണ് ടിനി ടോമിനെതിരായ നീന കുറുപ്പിന്‍റെ പരാതി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ടിനി മറ്റ് പലരോടും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും നീന പറഞ്ഞു. ടിനി ടോമിനെതിരെ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കുടുംബ സംഗമത്തിന് പിറ്റേന്ന് ലക്ഷ്മിപ്രിയ തന്നെ കുറിച്ച് മോശമായി ഗ്രൂപ്പിൽ പറഞ്ഞെന്നും നീന കുറുപ്പ് പറയുന്നു. അത് ആ ഗ്രൂപ്പിൽ നിന്നും ചോർന്നു. ആ സംഭവത്തിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. ലക്ഷ്മിപ്രിയ പിന്നീട് തന്നോട് മാപ്പ് പറഞ്ഞു. ആ മാപ്പ് സ്വീകരിക്കാൻ താൻ തയ്യാറല്ല. 39 വർഷമായി സിനിമാ മേഖലയിൽ നിൽക്കുന്നു. ഇന്നുവരെ മോശമായി ഒരു കാര്യവും ചെയ്തിട്ടില്ല. ആളുകൾ മോശം പറയുന്ന ഒരു സാഹചര്യം ഉണ്ടാക്കിയിട്ടില്ല. പുതിയ ഭരണ സമിതി വന്നതു മുതൽ യോഗങ്ങളിൽ ലക്ഷ്മിപ്രിയ തന്നെ അറ്റാക്ക് ചെയ്യാറുണ്ടായിരുന്നുവെന്നും നീന കുറുപ്പ് ശബ്ദമിടറിക്കൊണ്ട് പറഞ്ഞു.

പ്രസിഡന്‍റ് ശ്വേത മേനോൻ ഒന്നും അറിയുന്നില്ലെന്ന് പറഞ്ഞാൽ, അറിയേണ്ടത് പ്രസിഡന്‍റിന്‍റെ ചുമതലയാണെന്ന് നീന കുറുപ്പ് പറഞ്ഞു. ശ്വേതക്കെതിരെ ആരെങ്കിലും പ്രവർത്തിക്കുന്നതായി തോന്നിയിട്ടില്ല. അമ്മയിലെ ആഭ്യന്തര കാര്യങ്ങൾ കൂടുതൽ പുറത്തു പറയാൻ കഴിയില്ല. അമ്മയിലെ പ്രശ്നക്കാരെ മാറ്റി ഈ കമ്മിറ്റി നല്ല രീതിയിൽ മുന്നോട്ടു പോകണം. അതിനു പറ്റില്ലെങ്കിൽ ഈ കമ്മിറ്റി പിരിച്ചുവിടുന്നതായിരിക്കും നല്ലതെന്ന് നീന കുറുപ്പ് പറഞ്ഞു.

അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച അന്‍സിബ ഹസ്സന്‍ സംഘടന നേതൃത്വത്തിനെതിരെയും ടിനി ടോമിനെതിരെയും തുറന്നടിച്ച് രംഗത്തു വന്നതോടെയാണ് അമ്മയിലെ തർക്കങ്ങൾ പുറത്തറിഞ്ഞത്. തന്നെ ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി, പൊലീസിൽ വ്യാജ പരാതി നല്‍കി തുടങ്ങി ഗുരുതര പരാമര്‍ശങ്ങളാണ് അന്‍സിബ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ നീന കുറുപ്പും രംഗത്ത് വന്നത്. കുടുംബമേളക്കിടെ ടിനി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും നീന കുറുപ്പ് സംഘടനക്ക് പരാതി നല്‍കിയിട്ടുണ്ട്.

YouTube video player