ആപ്ലിക്കേഷൻ നമ്പറിലും ഫോണ്ടിലും ഫോർമാറ്റിലും അടക്കം വ്യത്യാസം പ്രകടമാണ്. ഇതിന് മുമ്പും സമിഖാൻ വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.

കൊല്ലം: കൊല്ലം കടയ്ക്കലിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സമി ഖാൻ കോടതിയിൽ ഹാജരാക്കിയത് ഒമ്പത് തിരുത്ത് വരുത്തിയ വ്യാജ മാർക്ക് ലിസ്റ്റ്. ആപ്ലിക്കേഷൻ നമ്പറിലും ഫോണ്ടിലും ഫോർമാറ്റിലും അടക്കം വ്യത്യാസം പ്രകടമാണ്. ഇതിന് മുമ്പും സമിഖാൻ വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. 2021 ൽ വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കി വെറ്ററിനറി സർവകലാശാലയിൽ പ്രവേശനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍, അന്ന് മാർക്ക് കുറവായതിനാൽ പ്രവേശനം നടന്നില്ല. സമി ഖാനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

കൊല്ലം ചിതറ ഒഴുകുപാറ മടത്തറയിൽ നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് വ്യാജമായുണ്ടാക്കിയ കേസിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ സമി ഖാനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉണ്ടാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉപരിപഠനത്തിന് ശ്രമിച്ചെന്നാണ് കേസ്. 2021-22 നീറ്റ് പരീക്ഷയിൽ സമി ഖാന് കിട്ടിയത് 16 മാര്‍ക്കാണ്. ഇത് 468 മാര്‍ക്ക് ആക്കി മാറ്റിയാണ് വ്യാജ മാര്‍ക്ക് ലിസ്റ്റുണ്ടാക്കിയത്. അക്ഷയയിൽ പോയി യഥാര്‍ത്ഥ മാര്‍ക്ക് ലിസ്റ്റിന്‍റേയും വ്യാജ മാര്‍ക്ക് ലിസ്റ്റിന്‍റേയും പകര്‍പ്പെടുത്തു. പിന്നാലെ രണ്ട് തരത്തിൽ മാര്‍ക്ക് ലിസ്റ്റ് കിട്ടിയെന്നും യഥാര്‍ത്ഥ മാര്‍ക്ക് 468 ആണെന്നും ചൂണ്ടിക്കാട്ടി സമി ഖാൻ ഹോക്കോടതിയെ സമീപിക്കുകയായിരുന്നു. 

Also Read: മഴ അലർട്ടുകളില്‍ മാറ്റം; പത്തനംതിട്ട മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ട്, തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ

സംഭവത്തില്‍ നീറ്റ് നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ വിളിച്ചുവരുത്തി കോടതി വിശദീകരണം തേടി. പ്രഥമദൃഷ്ട്യാ വ്യജ മാര്‍ക്ക് ലിസ്റ്റാണെന്ന് ടെസ്റ്റിംഗ് ഏജൻസി അറിയിച്ചതോടെ കേസെടുത്ത് അന്വേഷണം നടത്താൻ കൊല്ലം റൂറൽ പൊലീസിന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തിൽ ചിതറ പൊലീസ് നടത്തിയ അന്വേഷണത്തിൽ സമി ഖാൻ സ്വയം കുഴിച്ച കുഴിയിൽ വീഴുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

YouTube video player