തിരുവനന്തപുരം: അപൂര്‍വ്വ രോഗത്തെത്തുടര്‍ന്ന് ഏഴുമാസമായി അബുദാബിയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി നീതുവിനെ കേരളത്തിലെത്തിച്ചു. സര്‍ക്കാര്‍ സഹായത്തോടെ ശ്രീചിത്രമെഡിക്കല്‍ സെന്‍ററിലാണ് ഇനി നീതുവിന്റെ തുടർചികിത്സ. ഏഷ്യാനെറ്റ് ന്യൂസാണ് നീതുവിന്റെ അവസ്ഥ പുറം ലോകത്തെ അറിയിച്ചത്. 

അബുദാബിയിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിൽ രാവിലെ ആറരയോടെയാണ് നീതു എത്തിയത്. അമ്മ ബിന്ദുവും ശൈഖ് ഖലീഫ ആശുപത്രിയിലെ നഴ്സും ഒപ്പമുണ്ടായിരുന്നു. പ്രത്യക ആംബുലൻസിൽ നീതുവിനെ ശ്രീചിത്ര മെഡിക്കൽ സെന്ററിലേക്ക് മാറ്റി. രോഗകാരണം കണ്ടെത്തി, വിശദമായ പരിശോധനയ്ക്ക് ശേഷം തുടർചികിത്സകൾ തീരുമാനിക്കും.

ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസെന്ന അപൂര്‍വവ് രോഗത്തെ തുടര്‍ന്ന് മാർച്ചിലാണ് നീതുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്‍റിലേറ്റർ സഹായത്തോടെയാണ് നാല് മാസം ജീവൻ നിലനിർത്തിയത്. അരയ്ക്ക് താഴേക്ക് ചലനം നഷ്ടമായ നീതുവിന് ആരെയും തിരിച്ചറിയാനാകുമായിരുന്നില്ല.

നീതുവിന്റെയും കുടുംബത്തിന്റെയും അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതോടെ, ഗള്‍ഫ് പര്യടനത്തിനെത്തിയ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും, മന്ത്രി ഇ പി ജയരാജനും ആശുപത്രിയില്‍ നേരിട്ടെത്തി സഹായം ഉറപ്പ് നൽകുകയായിരുന്നു. നോർക്ക വഴിയാണ് നീതുവിനെ തിരിച്ചെത്തിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പാണ് അപൂര്‍വ്വ രോഗം നീതുവിനെ പിടികൂടിയത്.

Read Also: ദുരിതങ്ങള്‍ക്കൊടുവില്‍ നീതു നാട്ടിലേക്ക്; തുടര്‍ചികിത്സകള്‍ ശ്രീചിത്രയില്‍