കൊച്ചി: നിപ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനില നന്നായി മെച്ചപ്പെട്ടെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. അവസാനം നടത്തിയ സാംപിള്‍ പരിശോധനയില്‍ നെഗറ്റീവ് റിസല്‍ട്ടാണ് കിട്ടിയത്. ഗുരുതരമായ സ്ഥിതി വിശേഷം ഇതോടെ അവസാനിക്കുകയാണെന്നും നിപ ബാധയില്‍ ആശങ്ക ഒഴിയുകയാണെന്നും ആരോഗ്യമന്ത്രി കണ്ണൂരില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. 

രോഗം റിപ്പോര്‍ട്ട് ചെയ്ത ആളില്‍ ഫലം നെഗറ്റീവായി വന്നെങ്കിലും മുന്‍കരുതലെന്ന നിലയില്‍ ജൂലൈ 15 വരെ സംസ്ഥാനത്ത് നിപ ജാഗ്രത തുടരും. ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില നന്നായി മെച്ചപ്പെട്ടിട്ടുണ്ട്. അവസാനം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവാണ്. വേറെ ആരിലേക്കും രോഗം പകര്‍ന്നിട്ടില്ല. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും നിരീക്ഷണത്തിലുണ്ടായിരുന്നവരിലും രോഗലക്ഷണങ്ങളിലുണ്ടായിരുന്നവരിലും എല്ലാം സാംപിള്‍ പരിശോധന നടത്തി. ഇവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവാണ്. 

പനിയും മസ്തിഷ്കജ്വരവുമടക്കമുള്ള രോഗലക്ഷണങ്ങള്‍ കാണിച്ചവരുടെ പോലും സാംപിളുകള്‍ നെഗറ്റീവായി എന്നത് ആശ്വാസം നല്‍കുന്നു. എങ്കിലും സംസ്ഥാനവ്യാപകമായി ജാഗ്രത തുടരും. ജൂലൈ 15 വരെ സംസ്ഥാന വ്യാപകമായി നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും. എന്നാല്‍ പോലും ഗുരുതരമായി ഒരു സ്ഥിതി വിശേഷവും നിലവില്‍ ഇല്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പിച്ച് പറയാന്‍ പറ്റും.

നിപയെ കണ്ടെത്താന്‍ സംസ്ഥാനത്ത് ഇനി മൂന്ന് വൈറോളജി ലാബുകള്‍.....

നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനായി നിലവില്‍ കേരളത്തില്‍ ആലപ്പുഴയിലും വയനാട്ടിലും ലാബുകളുണ്ട്. എന്നാല്‍ ലെവല്‍ ത്രീ നിലവാരത്തില്‍ ഉള്ള ഒരു ലാബ് കേരളത്തില്‍ വേണം. ഉയര്‍ന്ന നിലവാരത്തിലുള്ള വൈറസുകളെ കണ്ടെത്താന്‍ അത്തരം ലാബുകളിലൂടെ മാത്രമേ സാധിക്കൂ. എന്നാല്‍ ഇത്തരം വൈറോളജി ലാബുകള്‍ സ്ഥാപിക്കുക എളുപ്പമല്ല. ഇതിന് ഐസിഎംആറിന്‍റേയും കേന്ദ്രസര്‍ക്കാരിന്‍റേയും അനുമതി വേണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബയോസേഫ്റ്റി സംവിധാനങ്ങളും വേണം.

കഴിഞ്ഞ തവണ കോഴിക്കോട് നിപ വന്നപ്പോള്‍ തന്നെ അങ്ങനെയൊരു വൈറോളജി ലാബ് കേരളത്തില്‍ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അതിനുള്ള അനുമതി 2019 മെയിലാണ് ലഭിച്ചത്. ലാബ് നിര്‍മ്മാണത്തിന് മൂന്ന് കോടി രൂപയും ലഭിച്ചു. എന്നാല്‍ ത്രീ ലെവല്‍ ലാബ് നിര്‍മ്മാണത്തിന് കൂടുതല്‍ ഫണ്ട് വേണം എന്നതിനാല്‍ ഇക്കാര്യം പുതുതായി ചുമതലയേറ്റ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. അദ്ദേഹം ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും കൂടുതല്‍ ഫണ്ട് അനുവദിക്കുകയും ചെയ്യാം എന്ന് അറിയിച്ചിട്ടുണ്ട്. ഇനി കേന്ദ്രഫണ്ട് കിട്ടിയില്ലെങ്കില്‍ പോലും സംസ്ഥാന സര്‍ക്കാരിന്‍റെ സഹായത്തോടെ ആ ലാബ് യത്ഥാര്‍ത്ഥ്യമാക്കും. കോഴിക്കോടായിരിക്കും വൈറോളജി ലാബ് സ്ഥാപിക്കുക. 

ഇതോടൊപ്പം ആലപ്പുഴയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഭാഗമായുള്ള ലാബ് വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.  ഇതിനെല്ലാം പുറമേ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ശാസ്ത്രസാങ്കേതിക വിഭാഗം പുറത്ത് നിന്നുള്ള ശാസ്ത്രജ്ഞരുടെ സഹായത്തോടെ ഒരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കൂടി സ്ഥാപിക്കുന്നുണ്ട്. ഇതിന്‍റെ കെട്ടിട്ടനിര്‍മ്മാണം പുരോഗമിക്കുകയാണ് വൈകാതെ ഈ സ്ഥാപനവും പ്രവര്‍ത്തനസജ്ജമാവും. നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നാഷണല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയും മറ്റു വിദഗ്ദ്ധരുടേയും സഹായത്തോടെ നടക്കുകയാണ്. ഇതില്‍ വനംവകുപ്പ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും സഹകരിക്കുന്നുണ്ട്.