പത്തനംതിട്ട: പത്തനംതിട്ടയിൽ അമേരിക്കയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന രണ്ട് പേർ തിരികെ അമേരിക്കയിലേക്ക് കടന്നു. ഇതിനിടെ ഐസൊലേഷൻ വ്യവസ്ഥ ലംഘിച്ച 13 പേർക്കെതിരെ കേസെടുക്കാൻ ജില്ലാ ഭരണകൂടം പൊലീസിന് നിർദ്ദേശം നൽകി.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ബാങ്കുകളിൽ ഒരു സമയം അഞ്ച് പേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. അവശ്യ സേവനങ്ങൾക്കല്ലാതെ ആരും ബാങ്കുകളിലേക്ക് എത്താൻ പാടില്ല. റാന്നി താലൂക്ക് ആശുപത്രിയിൽ സന്ദർശന വിലക്കും ഏർപ്പെടുത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഐസൊലേഷൻ വ്യവസ്ഥ ലംഘിച്ച 13 പേർക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ പി ബി നൂഹ് ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

ഇതിനിടെ, അമേരിക്കയിൽ നിന്ന് തിരിച്ചെത്തി മെഴുവേലിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേർ ക്വാറന്റെയിൻ വ്യവസ്ഥകൾ ലംഘിച്ച് അമേരിക്കയിലേക്ക് തിരികെ പോയി. ജില്ലയിൽ ഇന്നലെ രണ്ടുപേരെക്കൂടി നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നിയിലെ ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി ബന്ധമുള്ള 366 പേർ ഉൾപ്പെടെ 4387 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക