ആലപ്പുഴ: 67-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മുഖ്യാതിഥിയായി എത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കും. സച്ചിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ജലോത്സവത്തിൽ മുഖ്യാതിഥിയായി എത്തും. ഈ മാസം 10നാണ് നെഹ്‍റു ട്രോഫി വള്ളംകളി നടക്കുക.

ഉച്ചയ്ക്ക് മൂന്ന് മണി മുതൽ ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളോടെയാണ് ജലോത്സവം ആരംഭിക്കുക. നെഹ്‍റു ട്രോഫിക്കൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗ് കൂടി തുടങ്ങുന്നതിന്‍റെ ആവേശത്തിലാണ് ജലോത്സവ പ്രേമികൾ. ജലോത്സവത്തോട് അനുബന്ധിച്ചുള്ള വഞ്ചിപ്പാട്ട് മത്സരവും സാംസ്കാരിക പരിപാടികളുമൊക്കെയായി ആലപ്പുഴ നഗരം ജലോത്സവ ലഹരിയിലാണ്. 

20 ചുണ്ടൻ വള്ളങ്ങളാണ് നെഹ്‍റു ട്രോഫിക്കായി മത്സരിക്കുക. പ്രദർശന വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും മത്സരങ്ങൾ വേറെയുണ്ട്. സിബിഎല്ലിന്‍റെ ഫൈനലിന് ശേഷമാണ് നെഹ്‍റു ട്രോഫി ഫൈനൽ മത്സരം നടക്കുക. അതേസമയം, ജലോത്സവുമായി ബന്ധപ്പെട്ട് ഇതുവരെ 30 ലക്ഷം രൂപയുടെ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞതായി ആലപ്പുഴ കളക്ടർ ഡോ അദീല അബ്ദുള്ള പറഞ്ഞു. 

പുന്നമടയിൽ നെഹ്റു പവലിയിനിലും ഫിനീഷിംങ് പോയിന്‍റിലും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പൂ‍ർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാകും ജലോത്സവം സംഘടിപ്പിക്കുക. കുറ്റമറ്റരീതിയിലുള്ള സ്റ്റാർട്ടിംഗ് സംവിധാനവും സജ്ജമാണെന്ന് കളക്ടർ വ്യക്തമാക്കി.