പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

ആലപ്പുഴ: പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം. ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്സ് തുടങ്ങി. 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. ഉച്ചക്ക് 2 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പിഎ മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദിയും പങ്കെടുക്കും.

ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ചുണ്ടൻ വള്ളങ്ങളുടെ പ്രാഥമിക മത്സരം. വൈകിട്ട് അഞ്ചരയോടെ ഫൈനൽ മത്സരങ്ങൾ നടക്കും. കുറ്റമറ്റ സ്റ്റാർട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്ചൽ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

നിലവിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് ഇത്തവണ ജയിച്ചാൽ ഡബിൾ ഹാട്രിക്ക് നേട്ടമാകും. കഴിഞ്ഞ തവണ നിസ്സാര സമയത്തിന് ട്രോഫി നഷ്ടപ്പെട്ട വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇത്തവണ വീണ്ടും വിയപുരം ചുണ്ടനിൽ ആണ് തുഴയുന്നത്. യു ബി സി കൈനകരി, നിരണം ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ്, ഇമ്മാനുവൽ ബോട്ട്ക്ല ബ്, തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം മത്സരത്തിൽ ഇറങ്ങുന്നതോടെ ഇന്ന് പുന്നമടയിൽ തീപാറും. ആവേശക്കാഴ്ചകൾ പ്രേക്ഷകരിലേക്കെത്തിക്കാൻ സർവ്വസജ്ജമായി ഏഷ്യാനെറ്റ് ന്യൂസ് സംഘവുമുണ്ട്. 

Nehru Trophy Boat Race | Asianet News Live | Malayalam News Live | Latest Kerala Updates