തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയെന്ന് തുറന്നടിച്ച് സിപിഎം മുൻ എംഎൽഎ കെ.സി രാജഗോപാലൻ. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിനാണ് കാലുവാരാൻ നേതൃത്വം കൊടുത്തതെന്നും കെസി രാജഗോപാലൻ പറഞ്ഞു.

പത്തനംതിട്ട: തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയെന്ന് തുറന്നടിച്ച് സിപിഎം മുൻ എംഎൽഎ കെ.സി രാജഗോപാലൻ. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിനാണ് കാലുവാരാൻ നേതൃത്വം കൊടുത്തതെന്നും അതുകൊണ്ടാണ് തന്‍റെ ഭൂരിപക്ഷം 28ൽ ഒതുങ്ങിയതെന്നും കെസി രാജഗോപാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നെ ഈ തെരഞ്ഞെടുപ്പിൽ പാർട്ടി വേണ്ടവിധം ഉപയോഗിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ജയിക്കരുതെന്ന് ഏരിയ സെക്രട്ടറി ടിവി സ്റ്റാലിന് പ്രത്യേക താൽപര്യമുണ്ടായിരുന്നുവെന്നും കെസി രാജ​ഗോപാലൻ തുറന്നടിച്ചു. 

നേതൃത്വത്തിന്‍റെ പിടിപ്പുകേടിൽ കോഴഞ്ചേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ എല്ലാ പഞ്ചായത്തുകളും നഷ്ടമായെന്നും കോൺഗ്രസുകാരിൽ ചിലരുടെ സഹായം കൊണ്ടാണ് 28 വോട്ടിന് കയറിക്കൂടിയതെന്നും കെസി രാജഗോപാലൻ പറഞ്ഞു. കോഴഞ്ചേരി ഏരിയ സെക്രട്ടറി സ്റ്റാലിൻ വിവരം കെട്ടവനാണെന്നും പത്രം വായിക്കാത്തവനാണെന്നും സമൂഹത്തിൽ എന്താണ് നടക്കുന്നതെന്ന് പോലും അറിയില്ലെന്നും രാജഗോപാലൻ ആക്ഷേപിച്ചു. ഇത്തരത്തിലുള്ള സ്റ്റാലിൻമാരാണ് പാര്‍ട്ടിയിലുള്ളതെന്നും അത്തരക്കാരക്കാരെ പുറത്താക്കണമെന്നും രാജഗോപാലൻ പറഞ്ഞു. തന്നെ തോൽപ്പിക്കാൻ എല്ലാശ്രമവും നടത്തി. വീണ ജോർജിനെയും തകർത്ത് ആറന്മുളയിൽ മത്സരിക്കുകയാണ് ലക്ഷ്യം. പാർട്ടി തോൽക്കുമ്പോൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവനാണ് സ്റ്റാലിൻ. സിപിഎ നേതൃത്വത്തിന് പരാതി നൽകുമെന്നും കെസി രാജഗോപാലൻ പറഞ്ഞു. 

പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് എട്ടാം വാർഡിൽ സ്ഥാനാർത്ഥിയായിരുന്നു കെസി രാജഗോപാലൻ. സിപിഎം ശക്തികേന്ദ്രമായിരുന്ന മെഴുവേലി പഞ്ചായത്ത് ഇത്തവണ കോൺഗ്രസ് പിടിച്ചെടുത്തു. ഇതിനുപിന്നാലെയാണ് സിപിഎമ്മിൽ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. സിപിഎമ്മിന്‍റെ പത്തനംതിട്ടയിലെ തലമുതിര്‍ന്ന നേതാവാണ് കെസി രാജഗോപാലൻ. കടത്ത വിഎസ് അനുകൂലിയായ കെസി ആര്‍ പ്രചാരണ പോസ്റ്ററിൽ വിഎസിന്‍റെ ചിത്രമടക്കം ഉള്‍പ്പെടുത്തിയിരുന്നു. വിഎസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വൈകാരികമായിട്ടായിരുന്നു കെസിആറിന്‍റെ മറുപടി. ജീവിതം മുഴുവൻ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച നേതാവിന്‍റെ വിമര്‍ശനം പത്തനംതിട്ടയിലെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കും. 

ആരോപണം തള്ളി ടിവി സ്റ്റാലിൻ

കെസിആറിന്‍റെ പരാമർശം വസ്തുത വിരുദ്ധമാണെന്നും അടിസ്ഥാന രഹിതമാണെന്നും തനിക്ക് ചില കാര്യങ്ങൾ പരസ്യമായി പറയാൻ കഴിയില്ലെന്നും അത് പാർട്ടിക്കുള്ളിൽ പറയുമെന്നും കോഴഞ്ചേരി ഏരിയ സെക്രട്ടറി ടിവി സ്റ്റാലിൻ പറഞ്ഞു. പാർട്ടിക്കുള്ളിലായിരുന്നു കെസിആര്‍ പരാതി പറയേണ്ടിയിരുന്നത്. ഭരണം കിട്ടാത്ത കാരണം പാർട്ടി പരിശോധിക്കും. അദ്ദേഹം പറഞ്ഞ കൂടുതൽ കാര്യത്തിന് മറുപടി പറയുന്നില്ലെന്നും ടിവി സ്റ്റാലിൻ പറഞ്ഞു. എന്തു വിമര്‍ശനം ഉണ്ടായിരുന്നെങ്കിലും അത് പാര്‍ട്ടി ഘടകളിൽ പരാതി നൽകമായിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

YouTube video player