നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പക കൊണ്ടു നടക്കുന്നവനാണെന്ന് അമ്മാവൻ നാരായണൻ. ദേഷ്യക്കാരനാണെന്നും പക തോന്നിയാൽ എന്തും ചെയ്യുന്ന ആളാണെന്നും നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പക കൊണ്ടു നടക്കുന്നവനാണെന്ന് അമ്മാവൻ നാരായണൻ. ദേഷ്യക്കാരനാണെന്നും പക തോന്നിയാൽ എന്തും ചെയ്യുന്ന ആളാണെന്നും നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അയൽവാസിയായ സ്ത്രീയെ പ്രണയിച്ചാണ് വിവാ​ഹം കഴിച്ചത്. ഭാര്യവീട്ടിൽ ആരെങ്കിലും വിവാഹാലോചനയുമായെത്തിയാലും ഭീഷണിപ്പെടുത്തുമായിരുന്നു, അങ്ങനെയാണ് വിവാഹം കഴിച്ചതെന്നും നാരായണൻ വെളിപ്പെടുത്തി. 

കല്യാണ ശേഷം വീടുവിട്ടിറങ്ങിയെത്തിയപ്പോൾ തൻ്റെ വീട്ടിലെത്തി. നാലു വർഷം അമ്മാവനായ നാരായണന്റെ വീട്ടിലായിരുന്നു താമസം. പിന്നീട് വീട്ടിൽനിന്ന് പുറത്താക്കി. അതിന് ശേഷം യാതൊരു ബന്ധവുമില്ലെന്നും നാരായണൻ പറഞ്ഞു. അന്ധവിശ്വാസങ്ങൾക്ക് വേണ്ടിയാണ് പണമേറെയും ചെലവഴിക്കുന്നത്.

അമ്മയുമായി മാത്രമാണ് ചെന്താമരക്ക് ബന്ധമുണ്ടായിരുന്നതെന്നും ബന്ധുക്കളോടൊന്നും സംസാരിക്കാറില്ലായിരുന്നെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഭക്ഷണം വീട്ടിൽ സ്വയം വെച്ച് കഴിക്കാറാണ് പതിവ്. വീട്ടിലെ എല്ലാവരും വിവാഹം ചെയ്യും മുമ്പെ കല്യാണം കഴിച്ച് വീടുവിട്ടിറങ്ങിയതാണ് ചെന്താമര. അന്നുമുതൽ വീട്ടുകാരുമായി ബന്ധമില്ലായിരുന്നു. അമ്മയെ കാണാൻ മാത്രമാണ് തറവാട്ടിലേക്ക് വരുന്നത്. പ്രതി തങ്ങളുടെ കുടുംബത്തിനും ഭീഷണിയെന്നും ബന്ധു വ്യക്തമാക്കി.

തങ്ങളെയും കൊല്ലുമോയെന്ന് പേടിച്ചത് കൊണ്ടാണ് വീട്ടിൽ കയറാൻ അനുവദിക്കുന്നത്. ആദ്യകൊലപാതക ശേഷം ഒളിവിൽപോയ ചെന്താമര തറവാടു വീട്ടിലെത്തിയത് ചോറ്, ചോറ് എന്ന് പറഞ്ഞായിരുന്നു. വീട്ടുകാരാണ് അന്ന് പൊലീസിനെ വിവരമറിയിച്ചത്. ഭാര്യയുമായി ചെന്താമര മിക്കപ്പോഴും വഴക്കിടാറുണ്ടായിരുന്നെന്നും ബന്ധു വെളിപ്പെടുത്തി. ജാമ്യം ലഭിക്കാൻ ബന്ധുക്കളോ വീട്ടുകാരോ സഹായിച്ചിട്ടില്ലെന്നും പ്രതി സ്വന്തം നിലയിലാണ് അതെല്ലാം ചെയ്തതെന്നും ബന്ധു പറഞ്ഞു.

കാര്യങ്ങൾ പെട്ടെന്ന് നേടിയെടുക്കണമെന്ന തിടുക്കമുണ്ടായിരുന്ന ആളാണ് ചെന്താമരയെന്നും ഇയാളുടെ മറ്റൊരു ബന്ധുവായ പരമേശ്വരൻ പറഞ്ഞു. അതിനായി പലയിടങ്ങളിലും പോകുന്നത് പതിവായിരുന്നു. ഭാര്യ അകലാൻ കാരണം നീളൻ മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജ്യോതിഷി പറഞ്ഞു. നീണ്ട മുടിയുണ്ടായിരുന്ന സജിതയെ കൊലപ്പെടുത്തിയതും അങ്ങനെയാണ്. ഇന്നലെ കത്തി മൂർച്ച കൂട്ടി വെച്ചിരുന്നു. എന്തിനെന്ന് ചോദിച്ചപ്പോൾ എനിക്കെതിരെയുള്ള ശത്രുക്കളെ വകവരുത്താനെന്നാണ് പ്രതി പറഞ്ഞതെന്നും പരമേശ്വരൻ പറഞ്ഞു. ചെന്താമര ആരോടും മിണ്ടാറില്ലെന്നും പുറത്തിറങ്ങുന്നത് കുളിക്കാനും ഭക്ഷണം കഴിക്കാനും മാത്രമാണെന്നും പരമേശ്വരൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates