നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ വിയ്യൂരിലെ അതി സുരക്ഷാ ജയിലിലേക്ക് മാറ്റും. മറ്റ് രണ്ട് പേര്‍ കൂടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വിയ്യൂരിലെ അതി സുരക്ഷാ ജയിലില്‍ കഴിയുന്നുണ്ട്.

പാലക്കാട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റും. മറ്റ് രണ്ട് പേര്‍ കൂടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വിയ്യൂരിലെ അതി സുരക്ഷാ ജയിലില്‍ കഴിയുന്നുണ്ട്. 37 തടവുകാരാണ് സംസ്ഥാനത്ത് വിവിധ ജയിലുകളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത്. പൂജപ്പുര സെൻട്രൽ‌ ജയിലിൽ 24 പേരും വിയ്യൂർ ജയിലിൽ 4 പേരും, കണ്ണൂരിൽ മൂന്നും, തവനൂർ ജയിലിൽ ഒരാളും വിയ്യൂർ സുരക്ഷ ജയിലിൽ 2 പേരും തിരുവനന്തപുരം വനിത ജയിലിൽ 3 പേരുമാണ് വധശിക്ഷ കാത്തുകഴിയുന്നത്.

കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. പാലക്കാട് അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതി 20 ലക്ഷം രൂപ സുധാകരന്റെ മക്കൾക്ക് നഷ്ടപരിഹാരം നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷം തടവ് അനുഭവിക്കണം. ചെന്താമര വീണ്ടും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്നും, പ്രതിക്ക് കുറ്റബോധം ഇല്ലെന്നും, മാനസിക പ്രശ്നങ്ങൾ ഇല്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി നിരീക്ഷിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നടന്ന കൊലപാതക കേസുകൾ റഫർ ചെയ്ത ശേഷമാണ് വധ ശിക്ഷ വിധിച്ചത്.

35 വർഷം മുമ്പ് അവസാനമായി തൂക്കിലേറ്റിയത് റിപ്പർ ചന്ദ്രനെ

സംസ്ഥാനത്ത് 35 വർഷം മുൻപ് 1991ൽ കണ്ണൂരിലാണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്. നീലേശ്വരം കരിന്തളം സ്വദേശി റിപ്പർ ചന്ദ്രൻ എന്ന മുതുകുറ്റി ചന്ദ്രനെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്. 1985-86 കാലഘട്ടത്തിൽ വടക്കൻ കേരളത്തെ വിറപ്പിച്ച കൊലയാളിയായിരുന്നു റിപ്പർ ചന്ദ്രൻ. രാത്രിയിൽ ആളുകളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതായിരുന്നു ചന്ദ്രൻ്റെ രീതി. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലായി നിരപരാധികളായ 14 പേരെ കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയായിരുന്നു ചന്ദ്രൻ. ഇതിൽ, ദമ്പതിമാരെ വധിച്ച കേസിലാണ് ചന്ദ്രന് വധശിക്ഷ വിധിച്ചത്. മറ്റുള്ള കേസുകളിൽ ജീവപര്യന്തമായിരുന്നു ശിക്ഷ.