2025 ജനുവരിയിൽ നടന്ന നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇരയായ സുധാകരന്റെ മകൾക്ക് സർക്കാർ ജോലി നൽകാനും ഇളയ മകളുടെ പഠനത്തിന് ധനസഹായം നൽകാനും മന്ത്രിസഭ തീരുമാനിച്ചു. പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷയും 20 ലക്ഷം രൂപ പിഴയും വിധിച്ച കേസിന്റെ നാൾവഴികൾ ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: പാലക്കാട് നെന്മാറയില് 2025 ജനുവരി 27ന് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെ മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്കാന് തീരുമാനിച്ചു. ഇളയ മകള്‍ അഖിലയുടെ തുടര്‍ പഠനത്തിന് സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കും. ഇന്നലെത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇവരുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയ്ക്ക് പിന്നാലെ സഹായം നൽകുമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നു. കേരളത്തെ നടുക്കിയ ഇരട്ടക്കൊലയാണ് 2025 ജനുവരി 27ന് നെന്മാറയിൽ നടന്നത്.
കേസിന്റെ നാള്‍വഴികള്‍
ജനുവരി 27 ചെന്താമര അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തുന്നു. പ്രതിക്കായി രണ്ടു ദിനം നീണ്ട തിരച്ചിൽ- രാത്രിയും പകലും കൊലപാതകം നടന്ന വീടിനോട് ചേ൪ന്ന മലയിടുക്കിൽ പൊലീസും നാട്ടുകാരും ചേ൪ന്നായിരുന്നു തിരച്ചിൽ
28 ന് രാത്രി 11 മണിയോടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു
ഫെബ്രുവരി 5- സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിലും തെളിവെടുപ്പ്
ഫെബ്രുവരി 18- പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി, 2019 ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദായത്. 2022 ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചത്.
മാ൪ച്ച് 3- കേസിൽ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി.
മാർച്ച് 25 കുറ്റപത്രം സമ൪പ്പിച്ചു
2026 ജൂലൈയിൽ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ചാണ് വധശിക്ഷ വിധിച്ചത്. ഇരകളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ഉത്തരവിട്ടിട്ടിരുന്നു.
480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളും മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ഉള്‍പ്പെട്ടിരുന്നു. ഫെബ്രു 23 മുതൽ മെയ് 6 വരെ വിചാരണ നടന്നു. 132 സാക്ഷികളിൽ 4 പേര് കൂറുമാറുകയും ചെയ്തിരുന്നു.






