Asianet News MalayalamAsianet News Malayalam

നേപ്പാളി ബാലികയെ പീഡിപ്പിച്ച കേസ് സാക്ഷിയെ നേപ്പാളില്‍ നിന്നും കോടതിയില്‍ ഹാജരാക്കണം: ബാലാവകാശ കമ്മീഷന്‍

കേസിലെ കുട്ടിയും സാക്ഷിയും നേപ്പാള്‍ സ്വദേശികളാണ്. സാക്ഷി മറ്റൊരു രാജ്യക്കാരനായതിനാല്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തിന് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഹര്‍ജി നല്‍കാം. ആവശ്യമെങ്കില്‍ ഒരു പ്രത്യേക സംഘം രൂപീകരിക്കാം.
 

Nepali girl rape case: witness to be produced in court from Nepal: Child Rights Commission
Author
Kozhikode, First Published Oct 11, 2021, 8:18 PM IST

കോഴിക്കോട്: ബാലുശ്ശേരിയില്‍ (Baluserry) നേപ്പാളി ബാലിക (Nepal Girl) പീഡിപ്പിക്കപ്പെട്ട കേസില്‍ നേപ്പാള്‍ സ്വദേശികളായ സാക്ഷികളെ കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയില്‍ ഹാജരാക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി (Child right commission). കേസിലെ സാക്ഷി ഹാജരാകാത്തതിനെതുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതായി കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി ജഡ്ജ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. കത്തിന്മേല്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയ സ്വീകരിച്ച നടപടികള്‍ തീര്‍പ്പാക്കി തുടര്‍നടപടികള്‍ക്കായി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

കേസിലെ കുട്ടിയും സാക്ഷിയും നേപ്പാള്‍ സ്വദേശികളാണ്. സാക്ഷി മറ്റൊരു രാജ്യക്കാരനായതിനാല്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തിന് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഹര്‍ജി നല്‍കാം. ആവശ്യമെങ്കില്‍ ഒരു പ്രത്യേക സംഘം രൂപീകരിക്കാം. ഇതര രാജ്യത്തു നിന്നോ മറ്റ് സംസ്ഥാനത്തുനിന്നോ സാക്ഷികളെ കോടതിയില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് പ്രോട്ടോകോള്‍ ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും പുറപ്പെടുവിക്കണം. കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു ലക്ഷം രൂപ ഇടക്കാലാശ്വാസം നല്‍കാന്‍ കോഴിക്കാട് ജില്ലാ കലക്ടറും ജില്ലാ ബാലസംരക്ഷണ ഓഫീസറും നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ സ്വീകരിച്ച നടപടി 30 ദിവസത്തിനകം അറിയിക്കാനും കമ്മീഷന്‍ അംഗം ബി. ബബിത പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.
 

Follow Us:
Download App:
  • android
  • ios