Asianet News MalayalamAsianet News Malayalam

തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്ക് പണവും വസ്ത്രങ്ങളും എത്തിച്ചയാൾ പൊലീസ് കസ്റ്റഡിയിൽ

രാജേഷിന്റെ അമ്മ ഏൽപിച്ച 28000 രൂപയും വസ്ത്രങ്ങളും രവിയാണ് ജയിലിൽ എത്തി രാജേഷിന് കൈമാറിയത്

Nettukaltheri prison escape man helped accused in police custody
Author
Nettukaltheri Open Prison, First Published Dec 24, 2020, 6:04 PM IST

തിരുവനന്തപുരം: നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. രക്ഷപ്പെട്ട പ്രതികളിൽ ഒരാളായ രാജേഷ് കുമാറിന് പണവും വസ്ത്രങ്ങളും എത്തിച്ചയാളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രദേശവാസി രവിയെയാണ് കസ്റ്റഡിയിൽ എടുത്തത്. രാജേഷിന്റെ അമ്മ ഏൽപിച്ച 28000 രൂപയും വസ്ത്രങ്ങളും രവിയാണ് ജയിലിൽ എത്തി രാജേഷിന് കൈമാറിയത്. നെടുമങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംഭവത്തിൽ ജയിൽ മേധാവിക്ക് നെട്ടുകാൽത്തേരി ജയിൽ സൂപ്രണ്ട് റിപ്പോർട് സമർപ്പിച്ചു.

കഴിഞ്ഞ രാത്രിയാണ് കൊലക്കേസ് പ്രതികളായ കന്യാകുമാരി കൊല്ലംകോട് സ്വദേശി ശ്രീനിവാസൻ, തിരുവനന്തപുരം വീരണകാവ് സ്വദേശി രാജേഷ് കുമാർ എന്നിവർ ജയിൽ ചാടിയത്. ജയിൽ വളപ്പിലെ കൃഷിസ്ഥലത്ത് ജോലി കഴിഞ്ഞ് എത്തിയവരുടെ കണക്കെടുത്തപ്പോഴാണ് രണ്ടാളെയും കാണാനില്ലെന്ന് ‍തിരിച്ചറിഞ്ഞത്. രാജേഷ് കുമാറിന് 28000 രൂപയും വസ്ത്രങ്ങളും എത്തിച്ച പ്രദേശ വാസി രവിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജേഷിന്റെ അമ്മയാണ് കാശ് രവിയെ ഏൽപിച്ചതെന്ന് പൊലീസ് പറയുന്നു. അതേ സമയം സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ലെന്നാണ് നെട്ടുകാൽത്തേരി ജയിൽ സൂപ്രണ്ട് ജയിൽ മേധാവിക്ക് നൽകിയ റിപ്പോർട്ട്.

ഏഴ് മാസം മുമ്പാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പ്രതികളെ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റിയത്. ഇതുവരെ ഒരു പരാതിയും  ഇവർക്കെതിരെ ഉണ്ടായിട്ടില്ലെന്ന് ജയിൽ അധികൃതർ പറയുന്നു. 2012 ൽ വട്ടപ്പാറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് രാജേഷ്. പാലക്കാട് മലമ്പുഴയിൽ സുഹൃത്തിന്റെ ഭാര്യയെ കൊന്ന കേസിലാണ് ശ്രീനിവാസൻ ജീവപര്യന്തം തടവനുഭവിക്കുന്നത്. പ്രശ്നക്കാരല്ലാത്ത അന്തേവാസികളെയാണ് പുനരധിവാസ പദ്ധതികളുടെ ഭാഗമായി തുറന്ന ജയിലിലേക്ക് മാറ്റാറുള്ളത്. ഇതിന് മുൻപ് 2013ലാണ് നെട്ടുകാൽത്തേരി  ജയിലിൽ നിന്ന് ഒരു പ്രതി ചാടിപ്പോയിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios