മംഗലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച കുഞ്ഞിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി; ഹൃദയത്തിന്‍റെ പ്രവർത്തനം സാധാരണനിലയിലായി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 20, Apr 2019, 4:29 PM IST
new born brought from mangalapuram health condition improved
Highlights

അവയവങ്ങളുടെ പ്രവ‍ർത്തനവും ഭേദപ്പെട്ട് വരികയാണ്. അപകടനില പൂർണമായി തരണം ചെയ്തുവെന്നുറപ്പിക്കാൻ കുഞ്ഞിനെ ചുരുങ്ങിയത് ഒരാഴ്ച കൂടി ഐസിയുവിൽ നിരീക്ഷിക്കേണ്ടി വരും

കൊച്ചി:  മംഗളുരുവിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്ന വഴിയ്ക്ക് സർക്കാർ ഇടപെട്ട് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 ദിവസം പ്രായമായ കുഞ്ഞിന്‍റെ  ആരോഗ്യസ്ഥിതിയിൽ പുരോഗതി. ഹൃദയത്തിന്‍റെ പ്രവർത്തനം സാധാരണനിലയിലായി. അവയവങ്ങളുടെ പ്രവ‍ർത്തനവും ഭേദപ്പെട്ട് വരികയാണ്. അപകടനില പൂർണമായി തരണം ചെയ്തുവെന്നുറപ്പിക്കാൻ കുഞ്ഞിനെ ചുരുങ്ങിയത് ഒരാഴ്ച കൂടി ഐസിയുവിൽ നിരീക്ഷിക്കേണ്ടി വരും. 

രണ്ട് ദിവസം മുമ്പാണ് കുഞ്ഞിന്‍റെ ശസ്ത്രക്രിയ പൂർത്തിയായത്. രാവിലെ 9 മണി മുതൽ വൈകിട്ട് നാല് മണി വരെ ഏഴ് മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയാണ് പൂർത്തിയായത്.  

കാർഡിയോ പൾമിനറി ബൈപാസിലൂടെയാണ് കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ ചെയ്തത്. തീരെ കുഞ്ഞായതിനാൽ വളരെ സൂക്ഷ്മതയോടെ, അവധാനതയോടെയായിരുന്നു ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്. അതിനാലാണ് ശസ്ത്രക്രിയ ഏഴ് മണിക്കൂർ നീണ്ടതും. കുഞ്ഞിന്‍റെ ഹൃദയം സങ്കോചിച്ചിരുന്നു. ഇത് ശരിയാക്കി. മാത്രമല്ല, ഹൃദയത്തിലെ ദ്വാരം ശരിയാക്കുകയും ചെയ്തു. ഹൃദയത്തിലെ മഹാധമനിയുടെ കേടുപാടുകൾ തിരുത്തുകയും ചെയ്തിട്ടുണ്ട്.

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഹൃദയ ശസ്‌ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് ഏപ്രിൽ 16-നാണ് സർക്കാർ ഇടപെടലിനെത്തുടർന്ന് അമൃത ആശുപത്രിയിലെത്തിച്ചത്. നാനൂറ് കിലോമീറ്റര്‍ ദൂരം അഞ്ചര മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചാണ് ആംബുലന്‍സ് അമൃതയിലെത്തിയത്. 

നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്ന കുഞ്ഞിനെ  ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെ അമൃത ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സർക്കാരിന്‍റെ 'ഹൃദ്യം' പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സാ ചിലവും സർക്കാർ വഹിക്കാനും തീരുമാനമായിരുന്നു.

loader