Asianet News MalayalamAsianet News Malayalam

കോട്ടയം കോൺഗ്രസ്സിൽ പുതിയ വിവാദം; വീട്ടില്‍ ഗ്രൂപ്പ് യോഗം വിളിച്ചെന്ന ആരോപണം തള്ളി തിരുവഞ്ചൂർ രാധാകൃഷ്ണന്‍

ഗ്രൂപ്പ് യോഗം നടന്നതായി പറയുന്ന സമയത്ത് താനും ഭാര്യയും കുമാരനെല്ലൂർ ക്ഷേത്രത്തിലായിരുന്നെന്നും പ്രചാരണത്തിന് പിന്നിലുള്ളവരെ അറിയാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പറഞ്ഞു

New controversy in Kottayam Congress; Thiruvanchoor Radhakrishnan denied the allegation of calling a group meeting at his home
Author
First Published Nov 29, 2023, 4:56 PM IST

കോട്ടയം:അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വന്തം വീട്ടിൽ ഗ്രൂപ്പ് യോഗം വിളിച്ചെന്ന പ്രചാരണത്തെ തുടർന്ന് കോട്ടയത്തെ കോൺഗ്രസിൽ പുതിയ വിവാദം. തന്റെ വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നിട്ടില്ലെന്നും തനിക്കെതിരെ പ്രചാരണം നടത്തുന്നവരെ നന്നായി അറിയാമെന്നുമുള്ള വിശദീകരണവുമായി തിരുവഞ്ചൂർ രംഗത്തെത്തി. ഉമ്മൻചാണ്ടിയുടെ മരണ ശേഷം പലതായി പിരിഞ്ഞ കോൺഗ്രസ് എ ഗ്രൂപ്പിലെ തിരുവഞ്ചൂർ അനുകൂലികൾ പാർട്ടിയിലെ കെ.സി വേണുഗോപാൽ പക്ഷത്തിനൊപ്പമാണിപ്പോൾ. ഇക്കഴിഞ്ഞ തിങ്കളാഴ്ച സന്ധ്യ കഴിഞ്ഞ് തിരുവഞ്ചൂരിന്‍റെ കോട്ടയത്തെ വീട്ടിൽ അദ്ദേഹത്തെ അനുകൂലിക്കുന്നവർ യോഗം ചേർന്നെന്ന പ്രചാരണം ജില്ലയിലെ അദ്ദേഹത്തിന്റെ എതിർചേരിയിലുള്ളവരാണ് നടത്തിയെന്നാണ് ആരോപണം.

അച്ചടക്ക സമിതി അധ്യക്ഷൻ തന്നെ പാർട്ടി അച്ചടക്കം ലംഘിച്ചെന്ന വിമർശനം ഉയർന്നതോടെയാണ് വിശദീകരണവുമായി തിരുവഞ്ചൂർ രംഗത്തു വന്നത്. ഗ്രൂപ്പ് യോഗം നടന്നതായി പറയുന്ന സമയത്ത് താനും ഭാര്യയും കുമാരനെല്ലൂർ ക്ഷേത്രത്തിലായിരുന്നെന്നും പ്രചാരണത്തിന് പിന്നിലുള്ളവരെ അറിയാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പറഞ്ഞു. തന്‍റെ വീട്ടില്‍ ഇന്നേവരെ ഇത്തരം ഗ്രൂപ്പ് യോഗം നടന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഗ്രൂപ്പു രാഷ്ട്രീയത്തിൽ തിരുവഞ്ചൂരിന്റെ എതിർചേരിയിലെങ്കിലും പുതിയ വിവാദത്തിൽ  തിരുവഞ്ചൂരിനെ തള്ളി പറയാതെയായിരുന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ പ്രതികരണം. എല്ലാവരും കെ.സി.വേണുഗോപാൽ അനുകൂലികളാണല്ലോ എന്ന മുനവച്ച മറുപടിയും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള പ്രതികരണമെന്ന നിലയിൽ സുരേഷ് നൽകി.


എല്ലാവരും കെസി വേണുഗോപാലിന്‍റെ അനുയായികളാണെന്നും അതിനാല്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ അദ്ദേഹത്തിന്‍റെ പേര് വലിച്ചിഴക്കേണ്ടതില്ലെന്നും കോട്ടയത്ത് പാര്‍ട്ടിയില്‍ യാതൊരു വിഭാഗീയതയും ഇല്ലെന്നും ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞു. സർക്കാരിനെതിരായ സമരങ്ങളുടെ പേരിൽ യൂത്ത് കോൺഗ്രസുകാർക്കെതിരെ ചുമത്തിയ കേസുകളുടെ നടത്തിപ്പ് ചർച്ച ചെയ്യാൻ നടന്ന യോഗത്തെ എതിർ വിഭാഗം ഗ്രൂപ്പു യോഗമായി ചിത്രീകരിക്കുകയായിരുന്നെന്നാണ് തിരുവഞ്ചൂർ അനുകൂലികളുടെ വിശദീകരണം. കൊച്ചിയിൽ ഗ്രൂപ്പ് യോഗം വിളിച്ച ബെന്നി ബഹനാനെതിരായ പരാതി അച്ചടക്ക സമിതി പരിഗണിക്കാനിരിക്കെ  ഉയർന്ന വിവാദം  സമിതി അധ്യക്ഷൻ തിരുവഞ്ചൂരിനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios