ധൂർത്തു ആരോപിച്ചു സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവ് പുതിയ കാർ ഉപയോഗിക്കുന്നു എന്ന രീതിയിൽ ആണ് വിമർശനം.

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശന് പുതിയ കാർ അനുവദിച്ചതിനെ ചൊല്ലി വിവാദം. ധൂർത്ത് ആരോപിച്ചു സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവ് പുതിയ കാർ ഉപയോഗിക്കുന്നുവെന്ന രീതിയിലാണ് വിമർശനം. അതെ സമയം പുതിയ കാർ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ വിശദീകരണം. പഴയ കാർ രണ്ടേ മുക്കാൽ ലക്ഷം കിലോ മീറ്റർ ഓടിയ സാഹചര്യത്തിൽ ടൂറിസം വകുപ്പ് സ്വന്തം നിലക്ക് പുതിയ കാർ നൽകുകയായിരുന്നുവെന്നും വി ഡി സതീശന്റെ ഓഫീസ് വിശദീകരിക്കുന്നു. ടൂറിസം വകുപ്പ് പുതുതായി വാങ്ങിയ പത്തു കാറിൽ ഒന്നാണ് പ്രതിപക്ഷ നേതാവിന് അനുവദിച്ചത്.

read more ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ; എയർ ഇന്ത്യാ വിമാനം നെടുമ്പാശ്ശേരിൽ അടിയന്തരമായി ഇറക്കി

ഇന്നോവ ക്രിസ്റ്റ് കാറാണ് സ‍ര്‍ക്കാര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സഞ്ചരിക്കാൻ പുതിയതായി അനുവദിച്ചത്. മുമ്പ് ഉപയോ​ഗിച്ച കാർ 2.75 ലക്ഷം കിലോമീറ്റർ ഓടിയതുകൊണ്ടാണ് പുതിയ കാർ അനുവദിച്ചത്. കഴിഞ്ഞ സർക്കാറിന്റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോ​ഗിച്ച കാറാണ് സതീശനും ഉപയോ​ഗിച്ചിരുന്നത്. ഇതിനിടെയാണ് പ്രതിപക്ഷ നേതാവിന് പുതിയ കാർ സ‍ര്‍ക്കാര്‍ അനുവദിച്ചത്. നേരത്തെ ​ഗവർണർക്കും പുതിയ കാർ അനുവദിച്ചിരുന്നു. മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വിഐപി ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. വാഹനം മാറ്റാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ടൂറിസം വകുപ്പ് കാലാവധി കഴിഞ്ഞ വാഹനം ചട്ടപ്രകാരം മാറ്റി നല്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവിനും പുതിയ കാറ് അനുവദിച്ചത്. എന്നാൽ സ‍ര്‍ക്കാരിന്റെ ധൂ‍‍ര്‍ത്തിനെ കുറിച്ച് നിരന്തരം ആരോപണമുന്നയിക്കുന്ന സതീശൻ പുതിയ കാ‍ര്‍ ഉപയോഗിക്കുന്നതിനെതിനെയാണ് സമൂഹ്യമാധ്യമങ്ങളിലടക്കം ചില‍ര്‍ ചോദ്യം ചെയ്യുന്നത്.