തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പഞ്ചായത്തുകള്‍ കൂടി ഹോട്ട്‍സ്‍പോട്ട്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ പഞ്ചായത്തും കാസര്‍കോട്ടെ അജാനൂരുമാണ് പുതിയ ഹോട്ട്‍സ്‍പോട്ടുകള്‍. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള ഹോട്ട്‍സ്‍പോട്ടുകളുടെ എണ്ണം 102 ആയി. ഇതില്‍ 28 എണ്ണം കണ്ണൂരിലും ഇടുക്കിയില്‍ 15 എണ്ണവുമാണുള്ളത്. 

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്ത്  പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. പോസിറ്റീവ് ആയവരില്‍ ആറ് പേ‍ർ കൊല്ലവും രണ്ട് വീതം തിരുവനന്തപുരം, കാസ‍ർകോട് സ്വദേശികളാണ്. കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം വന്നത് ഒരാൾ ആന്ധ്രയിൽ നിന്നും വന്നതാണ്. 

തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. കാസർകോട് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് വന്നത്. കണ്ണൂർ 3, കാസർകോട് -3 , കോഴിക്കോട് -3, പത്തനംതിട്ട ഒന്ന് എന്നിങ്ങനെയാണ് നെ​ഗറ്റീവായവാരുടെ ജില്ല തിരിച്ചുള്ള കണക്ക്.