സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ കറ്റാനം മേഖലാ സെക്രട്ടറിയുമായിരുന്ന എസ് സുജിത്തിനെ 2013 ഏപ്രിലിലാണ് ആർഎസ്എസ് പ്രവർത്തകർ വിഷം പുരട്ടിയ തൃശൂലം കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചത്.
ആലപ്പുഴ: ആർഎസ്എസ് പ്രവർത്തകർ ഉൾപ്പെട്ട വധശ്രമക്കേസ് ഒത്തുതീർപ്പാക്കുന്നതിനെ ചൊല്ലി ആലപ്പുഴ സിപിഎമ്മിൽ പുതിയ വിവാദം. കുത്തേറ്റ സിപിഎം പ്രാദേശിക നേതാവ് വിചാരണക്കിടെ കോടതിയിൽ മൊഴിമാറ്റി. മൊഴിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതേസമയം, സിപിഎം ഉന്നത നേതാക്കൾ ഗൂഢാലോചന നടത്തി കേസ് അട്ടിമറിക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപണം.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ കറ്റാനം മേഖലാ സെക്രട്ടറിയുമായിരുന്ന എസ് സുജിത്തിനെ 2013 ഏപ്രിലിലാണ് ആർഎസ്എസ് പ്രവർത്തകർ വിഷം പുരട്ടിയ തൃശൂലം കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. കേസിന്‍റെ വിചാരണ ആലപ്പുഴ ജില്ലാ കോടതിയിൽ നടക്കുന്നതിനിടെയാണ് സുജിത് മൊഴി മാറ്റിയത്.
15 ആർഎസ്എസ് പ്രവർത്തകർ കേസിൽ പ്രതികളാണ് എന്നായിരുന്നു സുജിത് ആദ്യം നൽകിയ മൊഴി. ഇതിൽ മരിച്ചു പോയ ഒന്നാം പ്രതി സുജിത്, ഏഴാം പ്രതി കണ്ണപ്പൻ എന്നിവർ മാത്രമാണ് കുറ്റക്കാരെന്നും മറ്റുള്ളവരെ അറിയില്ലെന്നും മൊഴിയിൽ പറയുന്നു. എന്നാൽ പണം വാങ്ങി കേസ് അട്ടിമറിക്കുന്നുതിന്‍റെ തെളിവാണിതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ജില്ലാ നേതാക്കൾ മുതൽ പ്രാദേശിക നേതൃത്വത്തിന് വരെ ഇതിൽ പങ്കുണ്ട്. കേസ് ഒത്തുതീർപ്പ് ആക്കുന്നതിന്‍റെ പേരിൽ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടുകച്ചവടം നടന്നെന്നും കോൺഗ്രസ് പറയുന്നു.

വിചാരണക്കൊടുവിൽ യഥാർത്ഥ പ്രതികളെ കോടതി തന്നെ തീരുമാനിക്കട്ടെ എന്നാണ് സുജിത്തിന്‍റെ വിശദീകരണം. അതേസമയം, മുഖ്യമന്ത്രിയുടെ ചതയദിന ആശംസ പോസ്റ്റിന് താഴെ കമന്‍റ് ഇട്ടതിന്‍റെ പേരിൽ സുജിത്തിനെതിരെ കഴിഞ്ഞ ദിവസം പാർട്ടി നടപടി എടുത്തിരുന്നു. അവിട്ടം ദിനം മറന്നുപോയവർ ചതയദിനം കൃത്യമായി ഓർക്കുന്നുവെന്നായിരുന്നു കമന്‍റ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
