കെഎസ്ഇബിക്കും സർക്കാരിനും ജനങ്ങൾക്കും അധികഭാരം അടിച്ചേൽപ്പിക്കുകയാണ് പിണറായി. രണ്ട് കൈ കൊണ്ടും അദാനിയെ സഹായിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റൊരു കരാർ കൂടിയുണ്ടെന്ന് ചെന്നിത്തല.
തിരുവനന്തപുരം: അദാനിയുമായി കെഎസ്ഇബി വൈദ്യുതി വാങ്ങാൻ നേരിട്ട് കരാർ ഒപ്പുവെച്ചെന്ന് ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 2021-ലെ വേനൽക്കാലത്ത് അധികവൈദ്യുതി ആവശ്യം വരുമെന്ന് കണക്കാക്കി, ഉണ്ടാക്കിയ കരാറാണിത്. ഇന്നലെ താനുന്നയിച്ച, കേന്ദ്രപൊതുമേഖലാസ്ഥാപനവുമായി സഹകരിച്ച് അദാനിയിൽ നിന്ന് ദീർഘകാലത്തേക്ക് കാറ്റാടി വൈദ്യുതി വാങ്ങാനുള്ള കരാറിന് പുറമേയാണിതെന്നും ചെന്നിത്തല പറയുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും ചെന്നിത്തല പുറത്തുവിട്ടു. ഹ്രസ്വകാല കരാറുമായി ബന്ധപ്പെട്ട കെഎസ്ഇബി യോഗത്തിന്‍റെ മിനിട്സ് പുറത്തുവിട്ടാണ് ചെന്നിത്തലയുടെ പുതിയ ആരോപണം.

മുഖ്യമന്ത്രി നേരിട്ടിടപെട്ടാണ് അദാനിയുമായുള്ള കരാർ ഒപ്പുവച്ചത് എന്ന് ചെന്നിത്തല ആരോപിച്ചു. കൂടിയ വിലയ്ക്കാണ് കെഎസ്ഇബി അദാനിയുമായി നേരിട്ടും വൈദ്യുതി വാങ്ങുന്നത്. ഇക്കാര്യം വൈദ്യുതിമന്ത്രിക്കും അറിവുള്ളതാണ്. കെഎസ്ഇബിക്കും സർക്കാരിനും ജനങ്ങൾക്കും അധികഭാരം അടിച്ചേൽപ്പിക്കുകയാണ് പിണറായി. രണ്ട് കൈ കൊണ്ടും അദാനിയെ സഹായിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ചെന്നിത്തല ആരോപിച്ചു.
''പിണറായി അദാനി കൂട്ടുകെട്ടാണ് ഇതിലൂടെ തെളിയുന്നത്. പിണറായി ഇങ്ങനെ പേടിക്കുന്നതെന്തിനാണ്? അഞ്ച് വർഷമായി താൻ ചെയ്ത് കൂട്ടിയ കള്ളത്തരം പുറത്തുവരുമോ എന്ന പേടിയാണ് ബോംബ്, ബോംബ് എന്ന് അദ്ദേഹം പറയുന്നത്'', എന്ന് ചെന്നിത്തല.

സർക്കാർ ചെയ്ത കാര്യങ്ങളെല്ലാം വ്യക്തമാണെന്നും വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുന്നയിക്കരുതെന്നും, അദ്ദേഹത്തിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിക്കുന്നത്. താൻ പറഞ്ഞ നുണബോംബുകളിലൊന്നാണിത്. ''കേരളത്തിൽ ജലവൈദ്യുതി കിഴിച്ചാൽ കുറച്ച് തെർമൽ പവർ നമുക്കുണ്ട്. പക്ഷേ അതിന് വില കൂടുതലാണ്. എൻടിപിസിയുടെ കായംകുളത്തെ വൈദ്യുതി വാങ്ങേണ്ട എന്ന് തീരുമാനിച്ചത് യുഡിഎഫ് സർക്കാരാണ്. അത് വിലക്കൂടുതൽ കൊണ്ടാണ്. പൊതുമാർക്കറ്റിൽ വൈദ്യുതി ലഭ്യമായപ്പോൾ അത് യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് തന്നെ വാങ്ങാൻ തുടങ്ങിയിരുന്നു. ഇപ്പോഴും വാങ്ങുന്നുണ്ട്. സോളാർ എനർജി കോർപ്പറേഷനുമായാണ് കെഎസ്ഇബിയുടെ ഇപ്പോൾ വിവാദമായ കരാർ. അതിന്‍റെ എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിലുണ്ട്. യൂണിറ്റിന്‍റെ വില താരതമ്യം അടക്കം ഉണ്ട്. സോളാർ എനർജി കോർപ്പറേഷൻ ആരിൽ നിന്ന് വൈദ്യുതി വാങ്ങുന്നുവെന്നത് കെഎസ്ഇബിയുടെ കാര്യമല്ല. എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടും പിന്നെയും താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന് പറഞ്ഞാൽ, പച്ച നുണ പറയുന്നു എന്നല്ലാതെ എന്ത് പറയാൻ? അദ്ദേഹത്തിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്'', എന്ന് പിണറായി.

ചെന്നിത്തല ഉന്നയിച്ച രണ്ട് കരാറുകളെക്കുറിച്ചും കൃത്യമായ വിശദീകരണങ്ങൾ നൽകാമെന്ന് കെഎസ്ഇബി ചെയർമാൻ എൻഎസ് പിള്ള പറഞ്ഞു.

രണ്ട് കരാറുകളും രണ്ട് തരത്തിലുള്ളതാണ്. ആദ്യം ചെന്നിത്തല ഉന്നയിച്ച കരാർ പാരമ്പര്യേതര ഊർജവുമായി ബന്ധപ്പെട്ടതാണ്. ഇപ്പോഴത്തേത് ഹ്രസ്വകാലകരാറാണ്. ഈ വേനൽക്കാലത്ത് അധികവൈദ്യുതി കേരളത്തിന് ആവശ്യമാണ്. എത്ര കുറവുണ്ടെന്ന് കണ്ടെത്തി അത് നികത്താനായി വാങ്ങിച്ച വൈദ്യുതിയാണത്. അദാനിയുടെ കമ്പനിയുമായി ടെണ്ടറടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് വൈദ്യുതി വാങ്ങിയതെന്നും എൻ എസ് പിള്ള പറയുന്നു.
