തിരുവനന്തപുരം: കള്ളപ്പണകേസിൽ അറസ്റ്റിലായ എം. ശിവശങ്കറിന് കുരുക്കായി പുതിയ കണ്ടെത്തലുകൾ. ലൈഫ് മിഷൻ കരാർ ലഭിക്കാൻ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് സമ്മാനിച്ച ഐ ഫോണുകളിൽ ഒന്ന് ലഭിച്ചത് ശിവശങ്കറിനാണെന്ന കണ്ടെത്തലാണ്  തിരിച്ചടിയാകുന്നത്. 

ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാലുകോടിനാൽപ്പത്തിയെട്ട് ലക്ഷം രൂപയ്ക്ക് പുറമെ അഞ്ച് ഐ ഫോണുകൾ കൂടി സ്വപ്ന സുരേഷിന് നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. ഈ ഫോണുകളിൽ ഏറ്റവും വിലകൂടിയ ഫോൺ ആണ് ലൈഫ് മിഷൻ മേൽനോട്ട ചുമതലയുണ്ടായിരുന്ന എം ശിവശങ്കറിന് ലഭിച്ചത്. എൻഫോഴ്സ്മെന്‍റിന്‍റെ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കർ ഒപ്പിട്ട് നൽകിയ മൊഴി പകർപ്പിൽ താൻ ഉപയോഗിക്കുന്ന ഫോണുകളുടെ ഐഎംഇഐ നമ്പർകൂടി നൽകിയിരുന്നു. യൂണിടാക് ഹൈക്കോടതിയിൽ സമർപ്പിച്ച ഫോണുകളുടെ ബില്ലിലെ ഐഎംഇഐ നമ്പറും ശിവശങ്കർ ഉപയോഗിക്കുന്ന ഫോണുകളിലൊന്നിന്‍റെ നമ്പറും ഒന്ന് തന്നെയാണ്.

യൂണിടാക് ഉടമ അഞ്ച് ഫോൺ സമ്മാനമായി നൽകിയത് കോഴയായി കണക്കാക്കാമെന്ന് സിബിഐ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൈഫ് മിഷനെതിരായ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ മാറിക്കിട്ടിയാൽ എം ശിവശങ്കറിനെകൂടി സിബിഐ ചോദ്യം ചെയ്യും.  ഇതിനിടെ കേസ് അന്വേഷിക്കുന്ന വിജിലൻസും ഫോണിൽ അന്വേഷണം നടത്തും. ഇതിനായി സ്വപ്നയെ ഉടൻ ചോദ്യം ചെയ്യും. 

സന്തോഷ് ഈപ്പൻ നൽകിയ അഞ്ച് ഫോണിൽ ബാക്കി മുന്നെണ്ണം പൊതുഭരണ വകുപ്പിലെ അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ രാജീവ്, പ്രവീൺ, ജിത്തു എന്നിവർക്കാണ് ലഭിച്ചത്. ഒരു ഫോൺ ആരാണ് ഉപയോഗിക്കുന്നതെന്ന് ഇതുവരെ കണ്ടെത്തിയിട്ടുമില്ല. ഇക്കാര്യത്തിൽ വിജിലൻസും അന്വഷണം തുടരുകയാണ്.

കള്ളപ്പണകേസിൽ ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്നലെ രാത്രിയിലും ഭക്ഷണം കഴിക്കാൻ ശിവശങ്കർ കൂട്ടാക്കിയില്ല. ഇത് ചോദ്യം ചെയ്യലിനെ ബാധിക്കുന്നുണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു. സ്മാർട്ട് സിറ്റി പദ്ധതി മുടങ്ങിപ്പോകുന്ന ഘടത്തിൽ സ്വപ്നയുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ശിവശങ്കർ പറഞ്ഞു. എന്നാൽ ഇതിന് കമ്മീഷനോ മറ്റ് പണമിടപാടോ ഉണ്ടായില്ലെന്നും അദ്ദഹം ആവർത്തിച്ചു.