Asianet News MalayalamAsianet News Malayalam

5 ശതമാനം ജിഎസ്ടി; പാല്‍ ഇതര ക്ഷീര ഉത്പന്നങ്ങള്‍, പാക്കറ്റ് ഭക്ഷ്യ സാധനങ്ങള്‍ എന്നിവയ്ക്ക് വില ഉയര്‍ന്നു

പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏർപ്പെടുത്തിയ ജിഎസ്‍ടി കൗൺസിൽ തീരുമാനമാണ്  നിലവിൽ വന്നത്. 

New GST Rates Household Items That Will Cost More From Today Heres What Gets Expensive
Author
Thiruvananthapuram, First Published Jul 18, 2022, 3:13 AM IST

തിരുവനന്തപുരം: പാൽ ഒഴികെയുള്ള ക്ഷീര ഉത്പന്നങ്ങൾക്ക് ഇന്നുമുതല്‍ അധിക വില നല്‍കണം. അഞ്ച് ശതമാനം ജിഎസ്‍ടി പ്രാബല്യത്തിൽ വരുന്ന നാളെ മുതൽ തൈരിനും കട്ടി മോരിനും സംഭാരത്തിനും വില മില്‍മ കൂട്ടി. അര ലിറ്ററിന് 3 രൂപ വച്ചാണ്  കൂടിയിരിക്കുന്നത്. കുറഞ്ഞത് 5 ശതമാനം വില വർധിപ്പിക്കേണ്ടി വരുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വില കൂട്ടിയില്ലെങ്കിൽ പ്രതിദിനം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മിൽമ എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത് കൊച്ചിയിൽ പറഞ്ഞു.

പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏർപ്പെടുത്തിയ ജിഎസ്‍ടി കൗൺസിൽ തീരുമാനമാണ്  നിലവിൽ വന്നത്. (പ്രീ പാക്ക്ഡ്)  പാക്കറ്റിലാക്കിയ മാംസം, മീൻ, തേൻ, ശ‌ർക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി പ്രാബല്യത്തില്‍ വന്നു. 

ഭക്ഷ്യവസ്തുക്കൾക്കാണ്  ജിഎസ്ടി ബാധകം. പാലൊഴികെയുള്ള തൈര്, മോര്, ലെസ്സി, പനീർ തുടങ്ങിയ ക്ഷീരോത്പന്നങ്ങൾക്കും അഞ്ച് ശതമാനം ജിഎസ്‍ടി നിലവില്‍ വന്നു.കഴിഞ്ഞ മാസം അവസാനം ചേർന്ന ജിഎസ്‍ടി കൗൺസിൽ യോഗമെടുത്ത തീരുമാനമാണ് പ്രാബല്യത്തിലായിരിക്കുന്നത്. ഇതോടൊപ്പം പരിഷ്കരിച്ച മറ്റ്  നികുതി നിരക്കുകളും നിലവിൽ വന്നു.

വിലക്കയറ്റത്തില്‍ പുകഞ്ഞ് വീട്ടകങ്ങള്‍; സാധാരണക്കാര്‍ക്ക് ജീവിക്കണ്ടെയെന്ന് ചോദ്യം

വ്യക്തത തേടി കേരളം, ജിഎസ്‍ടി വകുപ്പിന് കത്തയച്ചു

അതേസമയം, ഏതെല്ലാം ഭക്ഷ്യവസ്തുക്കൾക്ക് ഇത് ബാധകമാകും എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. വ്യാപാരികൾ സംശയം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വ്യക്തത തേടി സംസ്ഥാനം ജിഎസ്‍ടി വകുപ്പിന് കത്തയച്ചു. ഇക്കാര്യത്തിൽ വൈകീട്ടോടെ മറുപടി കിട്ടുമെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കി. 

കുടുംബ ബജറ്റുകളുടെ താളം തെറ്റുമെന്ന് ചെന്നിത്തല

പാൽ  ഉത്പന്നങ്ങളുടെ വില  വർധിക്കുന്നത്  ആശങ്കാജനകം  എന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല. വില വര്‍ധന  ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ജിഎസ്‍ടി വർധിക്കുന്നതോടെ കുടുംബ  ബഡ്‍ജറ്റ് തെറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തന്നെ എല്ലാ ഉത്പന്നങ്ങൾക്കും വിലക്കയറ്റം  ആണ്. ജിഎസ്‍ടി വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം  കടന്ന  കൈ  ആയിപ്പോയി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എന്തുകൊണ്ടാണ് രൂപയുടെ മൂല്യം ഇടിയുന്നത്? കാരണങ്ങൾ അറിയാം

Follow Us:
Download App:
  • android
  • ios